ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 202-8 എന്ന മികച്ച സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. ഇന്ന് ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അനായാസം നേരിട്ട് സെഞ്ച്വറി നേടി. ടി20 അന്താരാഷ്ട്ര മത്സരത്തിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. സഞ്ജു ബംഗ്ലാദേശിന് എതിരായ അവസാന ടി20യിലും സെഞ്ച്വറി നേടിയിരുന്നു.
ഇന്ന് 27 പന്തിൽ നിന്ന് 50യിൽ എത്താൻ സഞ്ജു സാംസണായി. മോശം പന്തുകൾ നോക്കി പ്രഹരിച്ചും ആവശ്യത്തിന് ഡിഫൻഡ് ചെയ്തുമായിരുന്നു സഞ്ജുവിന്റെ ഇന്നത്തെ ബാറ്റിംഗ്. സഞ്ജു 10 സിക്സും 7 ഫോറും ഡർബനിൽ പറത്തി.
സഞ്ജുവിന് സൂര്യകുമാർ മറുഭാഗത്ത് നിന്ന് പിന്തുണ നൽകി. സൂര്യകുമാർ 21 റൺസ് എടുത്തു. സൂര്യകുമാർ പുറത്തായ ശേഷവും സഞ്ജു തന്റെ ബാറ്റിംഗ് തുടർന്നു. 47 പന്തിൽ സഞ്ജു സെഞ്ച്വറി തികച്ചു. ആകെ 50 പന്തിൽ നിന്ന് 107 റൺസ് എടുത്താണ് സഞ്ജു സാംസൺ കളം വിട്ടത്.
18 പന്തിൽ നിന്ന് 33 റൺസ് എടുത്ത തിലക് വർമ്മയും ഇന്ത്യൻ സ്കോറിന് കരുത്തായി. എങ്കിലും അവസാനം സ്കോർ ഉയർത്താൻ ഇന്ത്യ പ്രയാസപ്പെട്ടു.