കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ എത്ര ആര് വിമർശിച്ചാലും അവർ അവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക തന്നെ ചെയ്യും.സ്വന്തം ടീം തകർന്ന് തരിപ്പണമായി കിടക്കുമ്പോഴും ഇന്നലെ ആരാധകർ ആയാൽ എങ്ങനെ ആവണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ കാണിച്ചു തന്നു. ഇന്നലെ കണ്ടീരവ സ്റ്റേഡിയത്തിൽ അത്രയധികം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എത്തിയത് തന്നെ പലരെയും അത്ഭുതപ്പെടുത്തി കാണും.
പക്ഷെ വെറും എണ്ണം കൊണ്ട് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്നലെ കയ്യടി നേടിയത്. അവർ ഉയർത്തിയ ബാന്നറുകൾ കൊണ്ട് കൂടിയാണ്. ഇന്നലെ മഞ്ഞപ്പട ഉയർത്തിയ മൂന്ന് ബാന്നറുകളും ഒന്നിനൊന്ന് മെച്ചമായിരുന്നു എന്ന് പറയാം. എന്നാൽ അതിൽ ഹൃദയം കവർന്നത് ‘ഓ സലാ’ എന്ന് എഴുതിയ സലായുടെ മുഖമുള്ള ബാന്നർ ആയിരുന്നു.
വിമാനാപകടത്തിൽ പെട്ട് ലോക ഫുട്ബോളിന് തന്നെ നഷ്ടമായ എമിലിയാനോ സലായെ ബഹുമാനിക്കാനുള്ള മഞ്ഞപ്പടയുടെ ഈ ശ്രമം പ്രശംസ അർഹിക്കുന്നു. സലായുടെ അപകടം കഴിഞ്ഞിട്ട് ഐ എസ് എല്ലിൽ എത്രയെത്ര മത്സരങ്ങൾ കഴിഞ്ഞു. ഇതുവരെ ആർക്കും ചെയ്യാൻ തോന്നാത്തത് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി.
സലായുടെ ബാന്നറ് കൂടാതെ ഞങ്ങൾ ആഗ്രഹിക്കുന്ന ഫുട്ബോൾ കാണാൻ ഞങ്ങൾ കാത്തിരിക്കും എന്നർത്ഥം വരുന്ന ബാന്നറും, One Life, One Love, One Club എന്ന ബാന്നറും ഗംഭീരമായിരുന്നു.