ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2019 വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്ന് നടന്ന തീപാറുന്ന സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിംഗ്ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന കീഴടക്കിയത്. ആദ്യ ഗെയിം മുന്നിട്ട് നിന്ന് ശേഷം അവസാന ഘട്ടത്തില്‍ കൈവിട്ടുവെങ്കിലും അടുത്ത രണ്ട് ഗെയിമും തിരിച്ച് പിടിച്ച് സൈന ഫൈനലിലേക്ക് യോഗ്യത നേടി. 18-21, 21-12, 21-18 എന്ന സ്കോറിനു 58 മിനുട്ട് നീണ്ട മത്സരമാണ് ഇന്ത്യന്‍ താരം പൊരുതി സ്വന്തമാക്കിയത്.
ആദ്യ ഗെയിമില്‍ പിന്നിലായിരുന്നുവെങ്കിലും സൈന പിന്നീട് ഒപ്പമെത്തുകയും ഇടവേള സമയത്ത് 11-7ന്റെ ലീഡ് നേടുകയും ചെയ്തു. ഒരു ഘട്ടത്തില്‍ 16-11നു ലീഡ് ചെയ്ത ശേഷം ആദ്യ ഗെയിം സൈന 18-21നു കൈവിടുകയായിരുന്നു. സൈന അടുത്ത രണ്ട് പോയിന്റ് നേടുന്നതിനിടെ പത്ത് പോയിന്റ് നേടിയാണ് ബിംഗ്ജിയാവോ ആദ്യം ഗെയിം പോക്കറ്റിലാക്കിയത്.
രണ്ടാം ഗെയിമിന്റെ ആദ്യ രണ്ട് പോയിന്റുകളും നേടിയത് ചൈനീസ് താരമായിരുന്നുവെങ്കിലും പിന്നീട് സൈന പിടി മുറുക്കുന്നതാണ് കണ്ടത്. സൈന 11-3നു ഇടവേള സമയത്ത് ലീഡ് ചെയ്യുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ബിംഗ്ജിയാവോവിനു തിരിച്ചുവരവിനു അവസരം നല്‍കാതെ സൈന രണ്ടാം ഗെയിം സ്വന്തമാക്കി. 21-12 എന്ന സ്കോറിനായിരുന്നു സൈനയുടെ രണ്ടാം ഗെയിമിലെ വിജയം.
മൂന്നാം ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് കണ്ടത്. ഇടവേള സമയത്ത് 11-10നു ഒരു പോയിന്റ് ലീഡ് ഹീ ബിംഗ്ജിയാവോയ്ക്കായിരുന്നു. 15-15നു ഗെയിമില്‍ സൈന ഒപ്പമെത്തിയ ശേഷം ആദ്യ ഗെയിമില്‍ സൈനയെ ചൈനീസ് താരം ഞെട്ടിച്ചതിനു സമാനമായി ഗെയിമും മത്സരവും 21-18നു സൈന സ്വന്തമാക്കി.