സഹൽ, അർജുൻ, രാഹുൽ!! കേരള ഫുട്ബോൾ ഭാവി ഇനി കേരള ബ്ലാസ്റ്റേഴ്സിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ അർജുൻ ജയരാജിന്റെ സൈനിംഗ് കൂടെ ഔദ്യോഗികമായതോടെ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിൽ ഒരു മലയാളി ത്രയം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. കേരള ഫുട്ബോളിന്റെ എന്തിന് ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ ഭാവി ആയി കണക്കാക്കപ്പെടുന്ന മൂന്ന് താരങ്ങൾ. അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായും ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർമാരായും പെർഫക്ട് നമ്പർ 10 ആകാനുമൊക്കെ കഴിയുന്ന മൂന്ന് കേരളത്തിന്റെ സ്വത്തുകൾ.

സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി, അർജുൻ ജയരാജ്. ഇതിൽ സഹൽ ഒഴികെ ബാക്കി രണ്ടുപേരും ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. സഹലിന്റെ മികവ് മഞ്ഞ ജേഴിയിൽ തന്നെ മലയാളി ആരാധകർ കണ്ടു കഴിഞ്ഞതാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരേയൊരു ഊർജ്ജമായിരുന്നു സഹൽ. ഈ സീസണിൽ സഹൽ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്നതും ഈ യുവതാരത്തിലാണ്.

രാഹുൽ നേരത്തെ ഇന്ത്യൻ യുവ ടീമുകൾക്ക് ഒപ്പം കളിച്ച് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുഴുകൻ കയ്യടിയും നേടിയിട്ടുണ്ട്. അവസാന രണ്ടു സീസണുകളും ഇന്ത്യൻ ആരോസിനൊപ്പം ആയിരുന്നു. ഐ ലീഗിലും സൂപ്പർ കപ്പിലും ഒക്കെ രാഹുൽ ഇന്ത്യൻ ആരോസിനായി തകർത്തു കളിച്ചു. അവസാന കുറച്ചു കാലമായി അറ്റാക്കിംഗ് ചുമതലയാണെങ്കിലും ഡിഫൻസിലും കളിക്കാൻ കഴിവുള്ള താരമാണ് രാഹുൽ.

അർജുൻ ജയരാജും ആർക്കും അപരിചതനല്ല. ഗോകുലം ജേഴ്സിയിൽ അവസാന രണ്ടു സീസണിലും മിഡ്ഫീൽഡ് ഭരിച്ച കളിക്കാരനാണ്. ഗോൾ നേടാനും ഗോൾ അവസരം ഒരുക്കാനും ഒരുപോലെ മികവ്. ഒരു പ്ലയറിനെയും ഡ്രിബിൾ ചെയ്ത് മുന്നേറാൻ മടിയില്ലാത്ത താരം. അർജുനും, സഹലും, രാഹുലും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കാൻ പോകുന്നത് എന്നതിൽ ആർക്കും സംശയമില്ല.

ആഷിക് കുരുണിയൻ ഒഴിച്ചാൽ കേരളത്തിലെ ദേശീയ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ പ്രധാനികൾ ഒക്കെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുകയാണ്. ജിതിൻ എം എസ്, ഋഷി ദത്ത്, ഹക്കു, ജിഷ്ണു തുടങ്ങിയ മലയാളി യുവതാരങ്ങളും ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ ഉണ്ട്.