ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും മികവ് പുലർത്തിയത് സഹൽ അബ്ദുൽ സമദ് തന്നെയാണ്. എന്നിട്ടും സഹലിന്റെ പേരിൽ ഒരു ഗോളോ ഒരു അസിസ്റ്റോ ഇല്ലാ എന്നത് കേരള ആരാധകരെ വിഷമിപ്പിച്ചിരുന്നു. സഹൽ ഒരുക്കി കൊടുത്ത അവസരങ്ങൾ ടീമംഗങ്ങൾ പാഴാക്കുന്നതും. സഹലിന്റെ ഗോൾ ശ്രമങ്ങൾ പോസ്റ്റിന് ഉരുമ്മി പോകുന്നതും ഒക്കെ പതിവ് കാഴ്ചയായിരുന്നു. പക്ഷെ ഇന്ന് ഒരു നിർഭാഗ്യവും സഹലിന് കുറുകെ വന്നില്ല.
കലൂരിന്റെ കാണികളെ സാക്ഷി നിർത്തി ഒരു ഇടം കാലൻ ബുള്ളറ്റ് ഷോട്ടിലൂടെ തന്റെ സീനിയർ കരിയറിലെ ആദ്യ ഗോൾ നേടാൻ സഹലിനായി. മധ്യനിരയിൽ നിന്ന് സഹൽ തന്നെ ആയിരുന്നു ആ നീക്കം തുടങ്ങിയത്. അവസാനം ഭാഗ്യത്തിന്റെ തുണയോടെയാണ് ബോക്സിൽ നിന്ന് സഹലിന്റെ കാലിലേക്ക് പന്തെത്തിയത്. പന്ത് കിട്ടിയ ഉടനെ സഹലിന്റെ ഇടം കാൽ ട്രിഗർ വലിച്ചു തൊടുത്തു. കരൺജിതിന് പന്ത് കാണാൻ വരെ കഴിഞ്ഞില്ല. ഇന്നത്തെ കളിയിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്ന അറ്റാക്ക് തുടങ്ങിയതും സഹൽ ആയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ 18ആം നമ്പർ സഹൽ അബ്ദുൽ സമദ് എന്ന കണ്ണൂരുകാരൻ അവസാന മത്സരത്തിൽ ബെംഗളൂരുവിനെതിരെയും മികച്ച പ്രകടനമായിരുന്നു. മുമ്പ് സെക്കൻഡ് ഡിവിഷൻ, കേരള പ്രീമിയർ ലീഗ്, സന്തോഷ് ട്രോഫി എന്നിവിടങ്ങളിൽ ഒക്കെ സഹൽ ഗോൾ അടിച്ചു കൂട്ടിയിട്ടുണ്ട് എങ്കിലും ഐ എസ് എല്ലിൽ ആദ്യ ഗോളിനായി നീണ്ട കാത്തിരിപ്പ് തന്നെ വേണ്ടി വന്നു. ഒരു ഗോൾ കണ്ട സ്ഥിതിക്ക് ഇനി സഹലിന്റെ ബൂട്ടുകൾ നിരന്തരം ഗോൾ വല കണ്ടെത്തും എന്ന് കരുതാം.