തുടർച്ചയായ അഞ്ചാം തവണയും സാഫ് കിരീടമുയർത്തി. ആതിഥേയരായ നേപ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ഈ നേട്ടം സ്വന്തമാക്കിയത്. ടീം ഇന്ത്യക്ക് വേണ്ടി ഡാലിമ ചിബർ, ഡാംങ്ങ്മെയി ഗ്രെസ്, അഞ്ജു തമാങ് എന്നിവർ ഗോളടിച്ചപ്പോൾ സാബിത്ര ഭണ്ടാരിയാണ് നേപ്പാളിന്റെ ആശ്വാസ ഗോൾ നേടിയത്.
ഡാലിമ ചിബറിന്റെ തകർപ്പൻ ഫ്രീകിക്കിലൂടെ ഇരുപത്തിയാറാം മിനുട്ടിൽ ഇന്ത്യ ലീഡ് നേടി. എന്നാൽ പ്രതിരോധത്തിലെ പാളിച്ചകൾ മുതലെടുത്ത സാബിത്ര ഭണ്ടാരിയിലൂടെ ഗോൾ മടക്കി. സാഫ് ടൂർണമെന്റിൽ മെയ്മോൾ റോകി പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം വഴങ്ങിയ ആദ്യ ഗോളാണത്. ആദ്യ പകുതി സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതി ഇന്ത്യക്ക് സ്വന്തമായി. ഡാംങ്ങ്മെയി ഗ്രെസ്, അഞ്ജു തമാങ് എന്നിവർ നേപ്പാളിന്റെ പ്രതിരോധത്തെ തകർത്ത് ഇന്ത്യക്ക് ജയം നേടിക്കൊടുത്തു.
സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് കൊണ്ട് ആയിരുന്നു ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. ബംഗ്ലാദേശിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അതെ സമയം ശ്രീലങ്കയെ തോൽപ്പിച്ചാണ് ആതിഥേയരായ നേപ്പാൾ ഫൈനലിലേക്ക് കടന്നത്. ഇതുവരെ നടന്ന എല്ലാ സാഫ് കിരീടങ്ങളും സ്വന്തമാക്കിയ ഇന്ത്യ ഇത്തവണയും കിരീടം ഉയർത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാൽഡീവ്സിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സാഫ് ടൂർണമെന്റിലെ അപരാജിത കുതിപ്പ് ഇന്ത്യൻ വനിതകൾ തുടരുകയാണ്.