കൊറോണ വ്യാപനം മൂലം രാജ്യം ലോക്ക്ഡൗണിലായതിനാല്‍ കായിക ഇനങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ ലോക്ക്ഡൗണില്‍ കഴിയുന്ന ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് പറയുന്നത് ഇപ്പോള്‍ സുരക്ഷയാണ് പ്രധാനമെന്നും കായിക മത്സരങ്ങള്‍ക്കായി താരങ്ങളും സംഘടനകളും ആരാധകരും കാത്തിരിക്കണമെന്നാണ്.
വീട്ടിലാണെങ്കിലും താന്‍ ദിവസവും രണ്ട് തവണ പരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഓണ്‍ലൈനായി ഗോപിചന്ദ് അക്കാഡമിയിലെ കോച്ചുമാരായി താന്‍ ദിവസവും സംസാരിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. കാണികളില്ലാതെ കായിക മത്സരങ്ങള്‍ പുനരാരംഭിക്കാമെന്ന് ചില ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇപ്പോള്‍ പ്രധാനം സുരക്ഷയാണെന്നാണ് താരം പറഞ്ഞത്.
ഈ തീരുമാനത്തിലേക്ക് നമ്മള്‍ ധൃതി പിടിച്ച് എത്തേണ്ടതില്ലെന്ന് പറഞ്ഞ പ്രണോയ് കാര്യങ്ങള്‍ മെച്ചപ്പെട്ട് കഴിഞ്ഞാല്‍ കാണികളില്ലാതെ തന്നെയാവും മത്സരങ്ങള്‍ ആരംഭിക്കുവാന്‍ സാധ്യതയെന്നും അഭിപ്രായപ്പെട്ടു. കായിക താരങ്ങള്‍ക്ക് പരിശീലനവും മത്സരങ്ങളും ഇല്ലാതെ നില്‍ക്കുക എന്നത് ഏറെ പ്രയാസകരമാണെന്നും തനിക്ക് അധിക സമയം വീട്ടിലടിച്ചിരിക്കുമ്പോള്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.
ഫിറ്റ്നെസ്സ് നഷ്ടപ്പെടാതിരിക്കുക എന്നത് ഏറെ പ്രധാനമാണ്, അതിനാല്‍ തന്നെ പരിശീലനം താന്‍ തുടരുകയാണ്. തിരികെ എത്തുമ്പോള്‍ യാതൊരു തരത്തിലുമുള്ള വിട്ട് വീഴ്ചയ്ക്ക് താന്‍ തയ്യാറല്ലെന്നും പ്രണോയ് കൂട്ടിചേര്‍ത്തു.