ഏഷ്യയിലെ ആദ്യ ലോകകപ്പിന് ജപ്പാനിൽ തുടക്കമായി. വർണാഭമായ കലാപരിപാടികൾക്ക് ശേഷം ലോക റഗ്ബി ചെയർമാനും മുൻ ഇംഗ്ലീഷ് നായകനും ആയ സർ ബിൽ ബോർമൗണ്ട് ആണ് റഗ്ബി ലോകകപ്പിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ 5 മത്തെ മിനിറ്റിൽ തന്നെ ട്രൈ നേടിയ റഷ്യ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജപ്പാൻ കാണികളെ ഞെട്ടിച്ചു. എന്നാൽ തങ്ങളെക്കാൾ 10 റാങ്ക് പിറകിലുള്ള റഷ്യയുടെ കടുത്ത ചെറുത്ത് നിൽപ്പിനെ ക്ഷമയോടെ മറികടക്കുന്ന ജപ്പാനെയാണ് പിന്നീട് കണ്ടത്.
2015 ൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ജപ്പാൻ 30-10 നു എന്ന സ്കോറിന് ആണ് റഷ്യയെ മറികടന്നത്. 2011 നു ശേഷം ആദ്യമായി റഗ്ബി ലോകകപ്പ് കളിക്കുന്ന റഷ്യക്ക് എതിരെ വിങർ കൊട്ടാരോ മറ്റ്സുഷുമൊയുടെ ഹാട്രിക്ക് ആണ് ജപ്പാന്റെ ജയത്തിൽ നിർണായകമായത്. 2 പെനാൽട്ടികൾ സ്‌കോർ ആക്കി മാറ്റിയ യു തമുരയും ജപ്പാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ടീമുകൾക്ക് വലിയ സാധ്യത നൽകുന്ന ഗ്രൂപ്പിൽ ജപ്പാന് ഈ ജയം ആത്മവിശ്വാസം നൽകും.
റഗ്ബി ലോകകപ്പിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ഫിജിയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തർ ആയ ഫ്രാൻസും അർജന്റീനയും നേർക്കുനേർ വരും. ലോകം കാത്തിരിക്കുന്ന മൂന്നാം മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് മുൻ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം തന്നെയാവും ആരാധകർ പ്രതീക്ഷിക്കുക. ആദ്യ മത്സരം ഇന്ത്യൻ സമയം 10.15 നും രണ്ടാം മത്സരം 12.45 നും നടക്കുമ്പോൾ 3.15 നാണ് മൂന്നാം മത്സരം. റഗ്ബി ലോകകപ്പ് സോണി ടെൻ 2 വിലും സോണി ടെൻ 2 ഹൈ ഡെഫനിഷനിലും തത്സമയം കാണാവുന്നതാണ്.