ഒരു സീസൺ മുമ്പ് ഒലെയുടെ ടീം ഏറെ പ്രതീക്ഷ നൽകിയ തുടക്കം നൽകിയ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് വലിയ ട്രാൻസ്ഫറുകൾ കൂടെ പ്രഖ്യാപിക്കുന്നു. ആദ്യത്തേ വരാനെ.. പിന്നെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ… മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർ ആക്കി മാറ്റിയ, ഓൾഡ്ട്രാഫോർഡിൽ എന്നും മുഴങ്ങുന്ന വിവാ റൊണാൾഡോ ചാന്റ്സിന്റെ യഥാർത്ഥ ഉടമസ്ഥൻ. പണ്ട് വലിയ സ്റ്റാർ ആയിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയലിലേക്ക് പോയതാണ് എങ്കിലും യുണൈറ്റഡ് ആരാധകർ എന്നും സ്നേഹിച്ചിരുന്ന താരം.
റൊണാൾഡോയെ മാത്രമല്ല പല യുണൈറ്റഡ് ആരാധകരും റൊണാൾഡോ പോയ വഴിയിലുള്ള ക്ലബുകളായ റയൽ മാഡ്രിഡിനെയും യുവന്റസിനെയും എല്ലാം ഇഷ്ടപ്പെട്ടു. റൊണാൾഡോ റയൽ വിടുമെന്ന് കേട്ടപ്പോഴും യുവന്റസ് വിടുമെന്ന് കേട്ടപ്പോഴും എല്ലാം യുണൈറ്റഡ് ആരാധകരിൽ ഭൂരിഭാഗവും അദ്ദേഹം മാഞ്ചസ്റ്ററിലേക്ക് മടങ്ങി വരണം എന്ന് ആഗ്രഹിച്ചു. അവസാനം അത് നടന്നപ്പോൾ പലർക്കും വിശ്വസിക്കാൻ ആയില്ല. പലരും ആഹ്ലാദത്തിന്റെ ഉന്നതിയിൽ എത്തി.
തിരിച്ചുവരവ് ഗംഭീരമായിരന്നു. അരങ്ങേറ്റത്തിൽ തന്നെ ന്യൂകാസിലിന് എതിരെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് അരങ്ങേറ്റം. എല്ലാം നേർവഴിയിൽ ആണെന്ന് യുണൈറ്റഡ് ആരാധകർ കരുതിയ രാത്രികൾ. പക്ഷെ അധികകാലം ആ സ്വപ്നത്തിൽ യുണൈറ്റഡിന് നിൽക്കാൻ ആയില്ല. റൊണാൾഡോ ഒരു വശത്ത് ഗോളടിക്കുമ്പോഴും യുണൈറ്റഡ് വലിയ രീതിയിൽ തകരുക ആയിരുന്നു. ഒലെയുടെ ജോലി പോയി, റാഗ്നിക്ക് വന്നതും പോയതും ആരും അറിഞ്ഞില്ല. മുൻ സീസണിൽ രണ്ടാമത് ഫിനിഷ് ചെയ്തിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോ വന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടിയില്ല.
റൊണാൾഡോ ടീമിന്റെ ടോപ് സ്കോറർ ആയെങ്കിലും റൊണാൾഡോ ടീമിനെ പിറകോട്ട് വലിക്കുന്നു എന്ന വിമർശനങ്ങൾ ഉയരാൻ തുടങ്ങി. ബ്രൂണൊയെ പോലുള്ള താരങ്ങളുടെ ഫോമും റൊണാൾഡോ കാരണം നഷ്ടപ്പെട്ടു എന്നും വാദങ്ങൾ വന്നു. പക്ഷേ അപ്പോഴും റൊണാൾഡോ തന്നെ ഏൽപ്പിച്ച ദൗത്യം ഒരു വശത്ത് നന്നായി ചെയ്യുന്നുണ്ടായിരുന്നു.
പുതിയ സീസണ് മുമ്പ് യുണൈറ്റഡ് ടെൻ ഹാഗിനെ പരിശീലകൻ ആയി എത്തിച്ചു. ടെൻ ഹാഗ് റൊണാൾഡോ തന്റെ പ്ലാനിൽ പ്രധാനി ആണ് എന്ന് പറഞ്ഞു എങ്കിലും റൊണാൾഡോ പ്രീസീസണിൽ ക്ലബിനൊപ്പം ചേർന്നില്ല. താരം ക്ലബ് വിടാൻ പണി പതിനെട്ടും നോക്കുകയും ചെയ്തു. പ്രീസീസണിൽ ലൈറ്റ് ആയത് കൊണ്ട് തന്നെ റൊണാൾഡോ ഇല്ലാതെ ടെൻ ഹാഗ് സീസൺ തുടങ്ങി. റൊണാൾഡോ ഇല്ലാതെ ഒരു നല്ല ഫോർമേഷൻ കണ്ടെത്തിയതോടെ ടെൻ ഹാഗ് റൊണാൾഡോയെ സ്ഥിരമായി ബെഞ്ചിൽ ഇരുത്താൻ തുടങ്ങി.
റൊണാൾഡോ അവസരം കിട്ടിയപ്പോൾ തിളങ്ങിയതുമില്ല.ബെഞ്ചിൽ ഇരുന്ന് മടുത്ത റൊണാൾഡോ സ്പർസിന് എതിരായ മത്സരത്തിൽ സബ്ബായി ഇറങ്ങാൻ കൂട്ടാക്കിയില്ല. കളി കഴിയാൻ കാത്തു നിൽക്കാതെ ഗ്രൗണ്ട് വിടുകയും ചെയ്തു. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ടെൻ ഹാഗും ആരാധകരും മെല്ലെ റൊണാൾഡോക്ക് എതിരായി. ടെൻ ഹാഗ് റൊണാൾഡോയെ ഒരാഴ്ചത്തേക്ക് വിലക്കി. റൊണാൾഡോ താൻ തെറ്റ് ചെയ്തെന്ന് സമ്മതിച്ച് പ്രസ്താവനയും ഇറക്കി.
കാര്യങ്ങൾ ശരിയായെന്ന് കരുതി ഇരിക്കവെ ആണ് ലോകകപ്പ് ഇടവേള വരുന്നത്. ബ്രേക്കിന് മുന്നെയുള്ള യുണൈറ്റഡിന് അവസാന മത്സരം കഴിഞ്ഞതിന് പിന്നാലെ റൊണാൾഡോയുടെ അഭിമുഖം എത്തി. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ ഉടനീളം ക്ലബിനും മാനേജർക്കും എതിരെയുള്ള വിമർശനം ആയിരുന്നു. ടീം നല പാതയിൽ ആണെന്ന് ആരാധകർക്ക് തോന്നുന്ന നിമിഷത്തിൽ ഒരു ഐതിഹാസിക താരത്തിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത വാക്കുകൾ റൊണാൾഡോയിൽ നിന്ന് വന്നു. ക്ലബ് ഇതിഹാസങ്ങൾക്ക് എതിരെയും റൊണാൾഡോയുടെ പരാമർശങ്ങൾ ഉണ്ടായിരുന്നു.
അഭിമുഖം വന്നപ്പോൾ തന്നെ ഇനി റൊണാൾഡോക്ക് ക്ലബിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നു ഉറപ്പായിരുന്നു. ഇന്ന് കരാർ റദ്ദാക്കൽ പ്രഖ്യാപനം വന്നതോടെ ആരാധകർ ഓർക്കാർ ഇഷ്ടപ്പെടാത്ത ഒരു അദ്ധ്യായത്തിന് അവസാനമായി. തിരിച്ചുവരവിൽ റൊണാൾഡോ 54 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിനായി 27 ഗോളുകൾ നേടിയിരുന്നു. നല്ല കണക്കാണ് അത് എങ്കിലും കണക്കിന് അപ്പുറം എല്ലാം ശരിയായിരുന്നോ എന്ന ചോദ്യം ഉയരും. റൊണാൾഡോ യുണൈറ്റഡ് ഐതിഹാസിക താരമായി തന്നെ ഇനിയും അറിയപ്പെടുമോ? റൊണാൾഡോ ഈ തിരിച്ചുവരവ് വേണമായിരുന്നോ?