ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ചു നടന്നവരെല്ലാം ഇനി കുറച്ചു കാലം നാവ് അടക്കും. അത്തരമൊരു പ്രകടനമാണ് ഇന്ന് റൊണാൾഡോ കാഴ്ചവെച്ചത്. നാഷൺസ് ലീഗിന്റെ സെമി ഫൈനലിൽ സ്വിറ്റ്സർലാന്റിനെതിരെ ഇറങ്ങിയ പോർച്ചുഗലിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് റൊണാൾഡോ ഫൈനലിലേക്ക് എത്തിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും റൊണാൾഡോയുടെ ബൂട്ടിൽ നിന്ന് തന്നെ.
ഇന്ന് സെമി ഫൈനലിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പിടിച്ചെങ്കിലും റൊണാൾഡോയുടെ ബ്രില്യൻസിൽ സ്വിസ്സ് പട തകരുകയായിരുന്നു. ആദ്യം കളിയുടെ 25ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോ മാജിക്ക് വന്നത്. റൊണാൾഡോ നേടിയ ഫ്രീകിക്ക് റൊണാൾഡോ തന്നെ എടുത്തു. എണ്ണം പറഞ്ഞ ഒരു ക്ലാസിക് റൊണാൾഡോ ഫ്രീകിക്ക് ഗോളായി അത് മാറി. രണ്ടാം പകുതിയിൽ വാറിന്റെ സഹായത്തിൽ കിട്ടിയ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റോഡ്രിഗസ് മത്സരം സമനിലയിൽ എത്തിച്ചു.
പക്ഷെ പിന്നീട് റൊണാൾഡോ മാന്ത്രിക ചുവടുകൾക്ക് മുന്നിൽ പിടിച്ചു നിക്കാൻ സ്വിസ്സ് ഡിഫൻസിനായില്ല. 88ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് പോർച്ചുഗലിന് ലീഡ് നൽകിയ രണ്ടാം ഗോൾ റൊണാൾഡോ നേടി. അത് കഴിഞ്ഞ് തൊട്ടടുത്ത് മിനുട്ടിൽ സ്വിസ് ഡിഫൻസിനെ കബളിപ്പിച്ച ചുവടുകൾക്ക് ശേഷം ഒരു കേർലറിലൂടെ തന്റെ ഹാട്രിക്കും റൊണാൾഡോ പൂർത്തിയാക്കി.
നാക്കെ നടക്കുന്ന രണ്ടാം സെമിയിൽ നെതർലാന്റ്സും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്.