ഫുട്ബോൾ ലോകത്തിന് ആശങ്ക നൽകുന്ന വാർത്തയാണ് പോർച്ചുഗലിൽ നിന്ന് വരുന്നത്. ഫുട്ബോൾ സൂപ്പർ സ്റ്റാറായ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ ആണ് റൊണാൾഡോ കൊറോണ പോസിറ്റീവ് ആയ വിവരം അറിയിച്ചത്. അവസാന ഒരാഴ്ച ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിനൊപ്പം ആയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെതിരെ റൊണാൾഡോ കളിക്കുകയും ചെയ്തിരുന്നു. റൊണാൾഡോയ്ക്ക് കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. താരം ഇനി നിർബന്ധിത ഐസൊലേഷനിൽ പോകേണ്ടി വരും. 10 ദിവസം ആകും ഐസൊലേഷൻ. ആ ഐസൊലേഷൻ തീർന്ന ശേഷം മാത്രമേ റൊണാൾഡോ ടൂറിനിലേക്ക് ഇനി മടങ്ങുകയുള്ളൂ. റൊണാൾഡോയുടെ അഭാവം യുവന്റസിന് ആകും വലിയ തിരിച്ചടിയാവുക. അവർക്ക് ചാമ്പ്യൻസ് ലീഗിൽ അടക്കം റൊണാൾഡോയെ നഷ്ടമാകും. എന്നാലും ബാഴ്സക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് റൊണാൾഡോ തിരികെ എത്തും എന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നു. അല്ലായെങ്കിൽ മെസ്സി റൊണാൾഡോ പോരാട്ടം ആകും ഫുട്ബോൾ ലോകത്തിന് നഷ്ടമാവുക.