ജോസെ മൗറീനോ വന്നാൽ ക്ലബുകൾ കിരീടം നേടും എന്ന് പറയുന്നത് വെറുതെയല്ല. റോമ 14 വർഷങ്ങൾക്ക് ശേഷം ഒരു കിരീടം നേടിയിരിക്കുകയാണ്. ഇന്ന് പ്രഥമ യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണ് റോമ സ്വന്തമാക്കിയത്. അൽബേനിയയിൽ നടന്ന ഫൈനലിൽ ഫെയ്നൂർഡിനെ ഏക ഗോളിന് പരാജയപ്പെടുത്തി ആണ് റോമ കിരീടം ഉയർത്തിയത്.
ഫൈനലുകളിലെ പതിവ് ജോസെ ശൈലി കണ്ട മത്സരത്തിൽ ഡിഫൻസിൽ ഊന്നിയായിരുന്നു റോമയുടെ കളി. മത്സരത്തിൽ ആദ്യ പകുതിക്ക് ഇടയിൽ പരിക്ക് കാരണം മിഖിതാര്യനെ നഷ്ടമായത് റോമക്ക് തിരിച്ചടിയായി. എങ്കിലും 32ആം മിനുട്ടിൽ സനിയോളയിലൂടെ റോമ ലീഡ് എടുത്തു. ബോക്സിലേക്ക് വന്ന ഒരു ഹൈ ബോൾ ഡിഫൻഡ് ചെയ്യാൻ ഫെയ്നൂർഡ് കഷ്ടപ്പെട്ടപ്പോൾ സനിയോള അവസരം മുതലാക്കുക ആയിരുന്നു.
ഈ ഗോൾ മതിയായി ജോസെയുടെ ടീമിന് ജയിക്കാൻ. റൂയി പട്രിസിയോയുടെ രണ്ട് നല്ല സേവുകളും ഒപ്പം ഗോൾ പോസ്റ്റിന്റെ സഹായവും റോമക്ക് തുണയായി.
2007-08ൽ കോപ ഇറ്റാലിയ നേടിയ ശേഷം ആദ്യമായാണ് റോമ ഒരു കിരീടം നേടുന്നത്. റോമയുടെ ആദ്യ മേജർ യൂറോപ്യൻ കിരീടവുമാണിത്. ആദ്യ കോൺഫറൻസ് ലീഗ് തന്നെ നേടിയതോടെ ജോസെ ചാമ്പ്യൻസ് ലീഗും, യൂറോപ്പ ലീഗും, കോൺഫറൻസ് ലീഗും നേടിയ ഒരേയൊരു കോച്ചായും മാറി. ജോസെ മൗറീനോയുടെ പരിശീലക കരിയറിലെ 26ആം കിരീടമാണിത്.