കോളിന്‍ ഡി ഗ്രാന്‍ഡോമിനെ ഒപ്പം പിടിയ്ക്കുന്ന റെക്കോര്‍ഡ് ഇന്നിംഗ്സുമായി രോഹിത് ശര്‍മ്മയും ബാറ്റിംഗ് മികവ് പുറത്തെടുത്ത് യുവ താരം ഋഷഭ് പന്തും തിളങ്ങിയ മത്സരത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. 158 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയത്.
ഒന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ രോഹിത് പുറത്തായി. 29 പന്തില്‍ നിന്നാണ് 50 റണ്‍സ് നേടി രോഹിത് ശര്‍മ്മ പുറത്തായത്. അതിനു ശേഷം തൊട്ടടുത്ത ഓവറില്‍ ശിഖര്‍ ധവാനും(30) പുറത്തായെങ്കിലും ഇന്ത്യയെ മുന്നോട്ട് നയിച്ചു ഋഷഭ് പന്ത് വിജയം ഉറപ്പാക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് ഋഷഭ് 40 റണ്‍സ് നേടിയപ്പോള്‍ വിജയ സമയത്ത് ഒപ്പമുണ്ടായിരുന്നത് 19 റണ്‍സ് നേടിയ എംഎസ് ധോണിയായിരുന്നു. വിജയ് ശങ്കര്‍ 14 റണ്‍സ് നേടി പുറത്തായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് കോളിന്‍ ഡി ഗ്രാന്‍ഡോം(50), റോസ് ടെയിലര്‍(42) എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തില്‍ 158/8 എന്ന സ്കോര്‍ നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ക്രുണാല്‍ പാണ്ഡ്യ 3 വിക്കറ്റ് നേടി തിളങ്ങി. ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.