റയൽ മാഡ്രിഡ് ആരാധകർക്ക് യൂറോപ്യൻ രാത്രിയിൽ അവസാനം ചിരി തിരികെയെത്തി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ഇന്റർ മിലാനെ നേരിട്ട റയൽ മാഡ്രിഡ് ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഇന്റർ മിലാനെ വീഴ്ത്തി മൂന്ന് പോയിന്റ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷം ആ ലീഡ് തുലച്ചു കളഞ്ഞ റയൽ സമനില വഴങ്ങി നിരാശപ്പെടുത്തും എന്ന് തോന്നിച്ചിരുന്നു. എന്നാൽ സിദാന്റെ സബ്സ്റ്റിട്യൂഷൻ മികവിൽ 3-2ന്റെ വിജയം റയൽ സ്വന്തമാക്കുക ആയിരുന്നു.
ലുകാകു ഇല്ലാതെ ഇറങ്ങിയ ഇന്റർ മിലാൻ മത്സരത്തിന്റെ തുടക്കത്തിൽ കാര്യമായി പതറി. 25ആം മിനുട്ടിൽ ബെൻസീമയിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. ആ ഗോളിന്റെ ക്ഷീണത്തിൽ ഇന്റർ നിൽക്കുന്നതിനിടയിൽ 33ആം മിനുട്ടിൽ വീണ്ടും റയൽ വല കുലുക്കി. ക്യാപ്റ്റൻ റാമോസിന്റെ വക ആയിരുന്നു റയലിന്റെ രണ്ടാം ഗോൾ. പക്ഷെ ഇന്റർ ശക്തമായി തിരികെ വന്നു.
35ആം മിനുട്ടിൽ അർജന്റീനൻ താരം ലൗട്ടാരോ മാർട്ടിൻസിലൂടെ ഇന്റർ ആദ്യ ഗോൾ നേടി. ആ പ്രതീക്ഷയിൽ പിടിച്ച് ഇന്റർ മിലാൻ പൊരുതി. 68ആം മിനുട്ടിൽ വിങ്ങർ പെരിസിചിലൂടെ ഇന്റർ മിലാൻ അവർ അർഹിച്ച സമനില നേടി. സ്കോർ 2-2. എന്ന മികച്ച സബ്സ്റ്റുട്യൂഷൻ നടത്തിയ സിദാൻ കളി തിരികെപ്പിടിച്ചു. സബ്ബായി എത്തിയ വിനീഷ്യസിന്റെ പാസിൽ നിന്ന് സബ്ബായി തന്നെ എത്തിയ 19കാരൻ റോഡ്രിഗോ വലകുലുക്കി. റയൽ മാഡ്രിഡ് 3-2ന് മുന്നിൽ. അങ്ങനെ അവസാനാം റയൽ മാഡ്രിഡിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയവും ലഭിച്ചു. ജയത്തോടെ റയൽ മാഡ്രിഡ് ഗ്രൂപ്പിൽ 4 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ഇന്റർ മിലാൻ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഉള്ളത്.