വിരാട് ഒഴിയുന്നുവോ ക്യാപ്റ്റന്‍സി, ബാംഗ്ലൂരിന്റെ അമരത്ത് ഇനി എബിഡിയെന്ന് അഭ്യൂഹം

Sports Correspondent

അടുത്ത ഐപിഎല്‍ സീസണില്‍ അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരെ ഞെട്ടിക്കുവാനൊരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങള്‍. കോച്ചായിരുന്ന ഡാനിയേല്‍ വെട്ടോറിയെ മാറ്റി ഗാരി കിര്‍സ്റ്റെനേ നിയമിച്ച ടീം അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെ നിയമിക്കുമെന്നുമുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.

കര്‍ണ്ണാടകയിലെ സുവര്‍ണ്ണ ന്യൂസ് പുറത്ത് വിട്ട വിവരപ്രകാരം അടുത്ത സീസണില്‍ വിരാട് കോഹ്‍ലിയ്ക്ക് പകരം എബി ഡി വില്ലിയേഴ്സിനു സ്ഥാനം നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 2013 മുതല്‍ ടീമിനെ നയിക്കുന്ന കോഹ്‍ലിയെ മാറ്റി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബി ഡി വില്ലിയേഴ്സിനു ചുമതല നല്‍കിയെന്നാണ് സുവര്‍ണ്ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ നേരത്തെ ഡാനിയേല്‍ വെട്ടോറിയ്ക്ക് പകരം കോച്ചിനെ നിയമിച്ചത് വിരാട് കോഹ്‍ലിയുടെ അഭിപ്രായം മാനിച്ചുവെന്നാണ് പുറത്ത് വന്ന വിവരം. ഗാരി കിര്‍സ്റ്റെനേ കോച്ചാക്കി നിയമിക്കണമെന്ന അവസാന വാക്ക് പുറപ്പെടുവിച്ച വിരാട് കോഹ്‍ലിയെ പൊടുന്നനെ ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന് വിശ്വസിക്കുവാന്‍ ആരാധകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഇതിന്മേലുള്ള കൂടുതല്‍ വിവരം വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.