രേണുക സിംഗിന്റെ ഓപ്പണിംഗ് സ്പെല്ലിൽ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് മേൽ ഇന്ത്യ മേൽക്കൈ നേടിയെങ്കിലും ആഷ്‍ലി ഗാര്‍ഡ്നറുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് വിജയം സമ്മാനിച്ചു. ആദ്യം ഗ്രേസ് ഹാരിസുമായി ആറാം വിക്കറ്റിൽ 51 റൺസ് നേടിയ ശേഷം മറുവശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും ഓസ്ട്രേലിയയുടെ വിജയം ഗാര്‍ഡ്നര്‍ ഉറപ്പാക്കുകയായിരുന്നു.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഷഫാലി വര്‍മ്മ, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് മികവിൽ 154/8 എന്ന സ്കോര്‍ നേടുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ അലൈസ ഹീലിയെ പുറത്താക്കിയ രേണുക തന്റെ രണ്ടാം ഓവറിൽ മെഗ് ലാന്നിംഗിനെയും ബെത്ത് മൂണിയെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 21/3 എന്ന നിലയിലായിരുന്നു.
താഹ്‍ലിയ മഗ്രാത്തിനെ വീഴ്ത്തി താരം തന്റെ നാലാം വിക്കറഅറ് നേടിയപ്പോള്‍ 18 റൺസാണ് തന്റെ നാലോവറിൽ രേണുക വഴങ്ങിയത്.
ഗ്രേസ് ഹാരിസ് – ആഷ്‍ലി ഗാര്‍ഡ്നര്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 51 റൺസ് ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 20 പന്തിൽ 37 റൺസ് നേടിയ ഗ്രേസിനെ മേഘനയാണ് പുറത്താക്കിയത്.
19ാം ഓവറിൽ ഓസ്ട്രേലിയ വിജയം കൊയ്യുമ്പോള്‍ 35 പന്തിൽ 52 റൺസുമായി ആഷ്‍ലി ഗാര്‍ഡ്നറും 18 റൺസുമായി അലാന കിംഗുമാണ് വിജയം ഒരുക്കിയത്. 28 പന്തിൽ 47 റൺസാണ് ഈ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയത്.