ദീപേന്ദ്ര സിംഗ് നേഗി, ഈ പേരോർമ്മിക്കുക!!

Newsroom

രണ്ട് വർഷം മുമ്പ് സ്പാനിഷ് സെഗുണ്ടാ ഡിവിഷനിലേക്ക് ഒരു ഇന്ത്യക്കാരൻ പോകുന്നു എന്ന വാർത്ത അധികം ആർക്കും ഓർമ്മ കാണില്ല. സി എഫ് റിയൂസ് എന്ന സ്പാനിഷ് സെഗുണ്ടാ ഡിവിഷൻ ക്ലബ് നേഗിക്ക് തങ്ങളുടെ ക്ലബിൽ അവസരം നൽകിയത് വെറുതെ ആയിരുന്നില്ല എന്ന് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ നടന്ന് കളിക്ക് സാക്ഷിയാവർക്ക് മനസ്സിലായി കാണും.

മൂന്ന് വർഷം മുന്നെ ഇന്ത്യൻ അണ്ടർ 17ന്റെ ക്യാപ്റ്റനായിരുന്നു ദീപേന്ദ്ര നേഗി എന്ന ഉത്തരാഖണ്ഡുകാരൻ. ഇന്ന് ഒരു ഗോളിന് പിറകിൽ പോയ കേരളത്തിന് ഒരു രക്ഷകൻ അവതരിച്ചേ മതിയാകുമായിരുന്നുള്ളൂ. ഇനി വെറും രണ്ട് ഹോം മത്സരങ്ങൾ മാത്രം ശേഷിക്കേ ഒരു തോൽവി കൂടെ സ്വപ്നത്തിൽ പോലും കാണാൻ കഴിയാതെ നിൽക്കുന്ന ഡേവിഡ് ജെയിംസ് രണ്ടാം പകുതിയിൽ നേഗിയെ രംഗത്ത് ഇറക്കി.

 

പയ്യന്റെ കോലം കണ്ട് ഇവനാണോ കേരളത്തിന്റെ രക്ഷനാകുക എന്നൊരു ചോദ്യം മനസ്സിൽ എങ്കിലും ഉദിച്ചു എങ്കിൽ അതിനുള്ള ഉത്തരം മൂന്നു മിനുട്ടുകൾക്കകം നെഗി തന്നു‌. ആരാധകർക്ക് ജീവശ്വാസം നൽകി കൊണ്ടൊരു ഗോൾ. നെഗി അവതരിച്ചു. പിന്നീട് ആരു വിജയ ഗോൾ കൊണ്ടുതരും എന്ന ചോദ്യത്തിനും ഉത്തരം നെഗിയുടെ കാലിൽ നിന്നു തന്നെ.

 

75ആം മിനുട്ടിലെ നെഗിയുടെ മുന്നേറ്റം തടയാൻ ചവിട്ടി വീഴ്ത്തുക അല്ലാതെ വേറെ‌ രക്ഷയില്ലായിരുന്നു. കേരളത്തിന് അർഹിച്ച പെനാൾട്ടി. ഹ്യൂം ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ അസ്തമിച്ച പ്രതീക്ഷകൾ വീണ്ടും ഉദിച്ചു. ഹീറോ ഓഫ് ദി മാച്ചായി നേഗി മടങ്ങുമ്പോൾ ഒന്നേ ഫുട്ബോൾ നിരീക്ഷകരും പ്രേമികളും പറയുന്നുള്ളൂ. ദീപേന്ദ്ര നേഗി, ആ പേര് ഓർമ്മിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial