യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രീക്ക് ചാമ്പ്യന്മാർ ആയ ഒളിമ്പ്യാകാസ് ഉയർത്തിയ വെല്ലുവിളി മറികടന്നു റയൽ മാഡ്രിഡ്. നാലു ഗോളുകളും ആയി തിളങ്ങിയ കിലിയൻ എംബപ്പെയാണ് മാഡ്രിഡിനു 4-3 ന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കും റയൽ ഉയർന്നു. എട്ടാം മിനിറ്റിൽ പിറകിൽ പോയ റയലിന് ആയി 29 മിനിറ്റിനുള്ളിൽ ഹാട്രിക് നേടുന്ന എംബപ്പെയാണ് മത്സരത്തിൽ കാണാൻ ആയത്.

വിനീഷ്യസ് ജൂനിയർ, ആർദ ഗുലർ, കാമവിങ എന്നിവർ ആണ് എംബപ്പെയുടെ ഗോളുകൾക്ക് അവസരം ഉണ്ടാക്കിയത്. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ മെഹദി തരമിയിലൂടെ ഒരു ഗോൾ കൂടി ഗ്രീക്ക് ടീം മടക്കി. എന്നാൽ 59 മത്തെ മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ തന്റെ നാലാം ഗോൾ നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ റയൽ മുൻതൂക്കം വീണ്ടും കൂട്ടി. 81 മത്തെ മിനിറ്റിൽ എൽ കാപിയിലൂടെ ഒളിമ്പ്യാകാസ് ഒരു ഗോൾ കൂടി മടക്കിയതോടെ മത്സരം കൂടുതൽ ആവേശമായി. എന്നാൽ തുടർന്ന് ഗോൾ വഴങ്ങാതെ നിന്ന റയൽ പ്രതിരോധം ജയം ഉറപ്പിക്കുക ആയിരുന്നു.














