യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം മത്സരത്തിൽ കസാഖ്സ്ഥാൻ ക്ലബ് കൈറാറ്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു റയൽ മാഡ്രിഡ്. തന്റെ നാലാം ചാമ്പ്യൻസ് ലീഗ് ഹാട്രിക് നേടിയ കിലിയൻ എംബപ്പെയാണ് റയലിന് വമ്പൻ ജയം സമ്മാനിച്ചത്. സീസണിൽ 15 മത്തെ ഗോൾ നേടിയ ഫ്രഞ്ച് താരം ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകളും പൂർത്തിയാക്കി. റയലിനെ പേടിയില്ലാതെ സ്വന്തം മൈതാനത്ത് കളിച്ച ചാമ്പ്യൻസ് ലീഗിൽ പുതുമുഖങ്ങൾ ആയ കൈറാറ്റിനു പക്ഷെ അധിക സമയം പിടിച്ചു നിൽക്കാൻ ആയില്ല. 25 മത്തെ മിനിറ്റിൽ ഫ്രാൻകോയെ എതിർ ഗോൾ കീപ്പർ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഗോൾ ആക്കിയാണ് എംബപ്പെ ഗോൾ വേട്ട തുടങ്ങിയത്.
ആദ്യ പകുതിയിൽ റയലിനെ 1-0 നു ഒതുക്കാൻ ആയെങ്കിലും രണ്ടാം പകുതിയിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ കസാഖ്സ്ഥാൻ ക്ലബിന് പിടിച്ചു നിൽക്കാൻ ആയില്ല. 52 മത്തെ മിനിറ്റിൽ കോർട്ടോയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ എംബപ്പെ 73 മത്തെ മിനിറ്റിൽ ആർദ ഗൂലറുടെ പാസിൽ നിന്നു നേടിയ ഗോളിലൂടെ തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ കാമവിങ റയലിന്റെ നാലാം ഗോൾ നേടി. 93 മത്തെ മിനിറ്റിൽ വീണ്ടും പകരക്കാർ ഒരുമിച്ചപ്പോൾ ഗാർസിയയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് റയൽ ജയം പൂർത്തിയാക്കി. അതേസമയം മറ്റൊരു മത്സരത്തിൽ ബെൽജിയം ക്ലബ് ബ്രൂഷിനു എതിരെ സ്വന്തം മൈതാനത്ത് തിരിച്ചു വന്നു 2-1 ന്റെ ജയം ഇറ്റാലിയൻ ക്ലബ് അറ്റലാന്റയും സ്വന്തമാക്കി.