ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ജർമ്മൻ ടീമായ സ്റ്റുഗാർട്ട് ഉയർത്തിയ വെല്ലുവിളി അതിജീവിച്ചു 3-1 നു ജയം കണ്ടു നിലവിലെ ജേതാക്കൾ ആയ റയൽ മാഡ്രിഡ്. പന്ത് കൈവശം വെക്കുന്നതിൽ ജർമ്മൻ ടീം ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ കോർട്ടോയുടെ നാലു മികച്ച രക്ഷപ്പെടുത്തലുകൾ ആണ് റയലിനെ തുണച്ചത്. റയൽ പ്രതിരോധത്തിന്റെ പിഴവുകൾ പക്ഷെ റയൽ ഗോൾ കീപ്പർ തിരുത്തി. രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. റയലിന് ആയുള്ള തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ കിലിയൻ എംബപ്പെ രണ്ടാം പകുതി തുടങ്ങിയ ഉടൻ ഗോൾ നേടി.

കൗണ്ടർ അറ്റാക്കിൽ നിന്നു റോഡ്രിഗോയുടെ പാസിൽ നിന്നായിരുന്നു ഫ്രഞ്ച് സൂപ്പർ താരത്തിന്റെ ഗോൾ. 68 മിനിറ്റിൽ പക്ഷെ ജെയ്മി ലെവലിങിന്റെ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഡെന്നിസ് ഉണ്ടാവ് ജർമ്മൻ ടീമിന് അർഹിച്ച സമനില നൽകി. എന്നാൽ എന്നത്തേയും പോലെ അവസാന നിമിഷങ്ങളിൽ ജയം കാണുന്ന റയലിനെ ആണ് സാന്റിയാഗോ ബെർണബ്യുയിൽ പിന്നെ കാണാൻ ആയത്. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൂക മോഡ്രിചിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ തന്റെ മുൻ ക്ലബിന് എതിരെ അന്റോണിയോ റൂഡിഗർ റയലിനെ വീണ്ടും മുന്നിൽ എത്തിച്ചു. തുടർന്ന് 95 മത്തെ മിനിറ്റിൽ തങ്ങളുടെ പകുതിയിൽ നിന്നു ഡാനി കാർവഹാൽ നൽകിയ പന്തിൽ നിന്നു മികച്ച സോളോ ഗോളിലൂടെ പകരക്കാരനായി ഇറങ്ങിയ 18 കാരനായ ബ്രസീൽ താരം എൻഡ്രിക് റയൽ ജയം പൂർത്തിയാക്കുക ആയിരുന്നു. റയലിന് ആയി യുവ ബ്രസീലിയൻ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം തന്നെ ഇതോടെ താരം ഗംഭീരമാക്കി.