റഷ്യയിൽ റയൽ മാഡ്രിഡിനെ സി എസ് കെ എ മോസ്കോ തോൽപ്പിച്ചപ്പോൾ അട്ടിമറി ആണെന്നാണ് പറഞ്ഞതെങ്കിൽ ഇന്ന് അത് മതിയാകില്ല. ഇന്ന് മാഡ്രിഡിൽ സി എസ് കെ എ മോസ്കോ, ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ നാണംകെടുത്തുക തന്നെയായിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയലിനെ ഇന്ന് സി എസ് കെ എ മോസ്കോ തോൽപ്പിച്ചത്
കളിയുടെ 37ആം മിനുട്ടിൽ ചലോവ് ആണ് ആദ്യം മാഡ്രിഡ് വല കുലുക്കിയത്. പിറകെ 43ആം മിനുട്ടിൽ ഷെന്നികോഫ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ സിഗ്ഗുർഡ്സണാണ് റയലിന്റെ പതനം പൂർത്തിയാക്കിയ മൂന്നാം ഗോൾ നേടിയത്. റയലിന്റെ ചരിത്രത്തിൽ ഇല്ലാത്തൊരു തോൽവി ആണിത്. സൊളാരി വന്നിട്ടും റയലിലെ കാര്യങ്ങൾ അത്ര നല്ലതല്ല എന്ന സൂചനയും ഈ മത്സരം നൽകുന്നു. 10 വർഷത്തിൽ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിനോട് റയൽ മാഡ്രിഡ് ഹോം മത്സരത്തിലും എവേ മത്സരത്തിലും തോൽക്കുന്നത്.
ഇന്ന് തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെയാകും റയൽ നോക്കൗട്ടിൽ എത്തുക. 12 പോയ്ന്റാണ് റയൽ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയത്.