പാക്കിസ്ഥാന് നല്‍കിയ കൂറ്റന്‍ സ്കോര്‍ അവസാന പന്തിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. അവസാന ഓവറിൽ വിജയിക്കുവാന്‍ 19 റൺസ് വേണ്ട ഘട്ടത്തിൽ ഹസന്‍ അലിയുടെ ഓവറിൽ 22 റൺസ് പിറന്നപ്പോള്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് വിജയം കരസ്ഥമാക്കി.
റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ ഒരു സിക്സും രണ്ട് ഫോറും നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ ഓവറിൽ ഒരു സിക്സും നേടിയാണ് പാക്കിസ്ഥാന്റെ സാധ്യതകളെ ഇല്ലാതാക്കിയത്. 187 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി 51 പന്തിൽ നിന്ന് 101 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനാണ് മത്സരം തിരിച്ചത്. ടെമ്പ ബാവുമ 46 റൺസ് നേടിയപ്പോള്‍ ഹെയിന്‍റിച്ച് ക്ലാസ്സന്‍ 14 റൺസും ഡേവിഡ് മില്ലര്‍ 8 റൺസും നേടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. പാക്കിസ്ഥാന് വേണ്ടി ഇമാദ് വസീമും ഷഹീന്‍ അഫ്രീദിയും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 186 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 28 പന്തിൽ 52 റൺസ് നേടിയ ഫകര്‍ സമന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി അടുത്ത താരത്തിന് അവസരം നല്‍കിയപ്പോള്‍ ഷൊയ്ബ് മാലിക്(28), ആസിഫ് അലി 18 പന്തിൽ 32 റൺസും നേടി. കാഗിസോ റബാഡ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് നേടി.