ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയെ സമനിലയിൽ തളച്ചു റെയിംസ്. ഗോൾ രഹിത സമനിലയിൽ ആണ് പതിനാലാം സ്ഥാനക്കാർ ആയ റെയിംസ് പാരീസിനെ തളച്ചത്. 2021 ഡിസംബറിനു ശേഷം ഇത് ആദ്യമായാണ് പാരീസ് ഒരു മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങുന്നത്. മെസ്സിക്ക് വിശ്രമം നൽകി എത്തിയ പാരീസ് എമ്പപ്പെ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു. നെയ്മർ പകരക്കാരനായും ഇറങ്ങി. മത്സരത്തിൽ ആദ്യമെ തന്നെ പാരീസിനെ റെയിംസ് പരീക്ഷിച്ചു. പരുക്കൻ മത്സരത്തിൽ 8 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും ആണ് പിറന്നത്.
41 മത്തെ മിനിറ്റിൽ തനിക്ക് നൽകിയ മഞ്ഞ കാർഡിൽ സെർജിയോ റാമോസിനു നേരെ റഫറി രണ്ടാം മഞ്ഞ കാർഡ് വീശിയതോടെ പാരീസ് പത്ത് പേരായി ചുരുങ്ങി. കരിയറിൽ ഇത് 28 മത്തെ തവണയാണ് മുൻ റയൽ മാഡ്രിഡ് താരം ചുവപ്പ് കാർഡ് മേടിക്കുന്നത്. പത്ത് പേരായി ചുരുങ്ങിയ പാരീസിന് നേരെ കൂടുതൽ ആക്രമണങ്ങൾ റെയിംസ് ഉതിർത്തു എങ്കിലും ഡോണരുമയുടെ മികവ് പാരീസിന് വിജയം സമ്മാനിച്ചു. മത്സരത്തിൽ 24 ഷോട്ടുകൾ ആണ് റെയിംസ് ഉതിർത്തത്. സമനില വഴങ്ങിയെങ്കിലും രണ്ടാമതുള്ള മാഴ്സെയെക്കാൾ 3 പോയിന്റ് മുന്നിൽ ഒന്നാമത് ആണ് പാരീസ് ഇപ്പോൾ. ഇന്ന് വഴങ്ങിയ തോൽവിയാണ് മാഴ്സെക്ക് വിനയായത്.