റാമോസ് ഇനി ജീവിതത്തിൽ അറിഞ്ഞ് കൊണ്ടോ അറിയാതയോ ഒരു സസ്പെൻഷൻ വാങ്ങിയേക്കില്ല. വാളെടുത്തൻ വാളാൽ എന്ന പഴമൊഴി റാമോസിന്റെ കാര്യത്തിൽ സത്യമായിരിക്കുകയാണ്. അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദ മത്സരം റയൽ മാഡ്രിഡ് വിജയിക്കും എന്ന് ഉറപ്പായപ്പോൾ ഒരു അതിബുദ്ധി റാമോസ് കാണിച്ചു. ഒരു ആവശ്യവുമില്ലാതെ ഒരു മഞ്ഞക്കാർഡ് റയലിന്റെ ക്യാപ്റ്റൻ സ്വന്തമാക്കി.
തനിക്ക് ഒരു മഞ്ഞക്കാർഡ് കൂടെ കിട്ടിയാൽ സസ്പെൻഷൻ കിട്ടും എന്ന് അറിഞ്ഞിട്ടും റാമോസ് ആ സസ്പെൻഷൻ ചോദിച്ചു വാങ്ങുകയായിരുന്നു. അയാക്സ് ചെറിയ ടീമാണെന്നും രണ്ടാം പാദം തങ്ങളുടെ ഹോം ഗ്രൗണ്ടിലാണെന്നുമുള്ള ചിന്ത കാരണം സസ്പെൻഷൻ വാങ്ങുകയായിരുന്നു റാമോസ്. താൻ ഇല്ലായെങ്കിലും തന്റെ ടീമിന് എളുപ്പത്തിൽ അയാക്സിനെ മറികടക്കാം എന്ന് റാമോസ് കരുതി. പ്രീക്വാർട്ടർ കഴിഞ്ഞ് വലിയ മത്സരങ്ങൾ വരുമ്പോൾ മഞ്ഞക്കാർഡ് കിട്ടി പുറത്തിരിക്കുന്നതിലും നല്ലത് ചെറിയ മത്സരങ്ങളിൽ സസ്പെൻഷൻ വാങ്ങി ആ മഞ്ഞക്കാർഡുകൾ ഇല്ലാതാക്കുന്നതാണ് എന്നായിരുന്നു അന്ന് മത്സരം കഴിഞ്ഞ ശേഷം റാമോസ് പറഞ്ഞത്.
ഇങ്ങനെ പറഞ്ഞതിന് യുവേഫ നേരത്തെ തന്നെ റാമോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ക്വാർട്ടറിലും സെമിയിലും ഒന്നും സസ്പെൻഷൻ കിട്ടാതിരിക്കാൻ വേണ്ടി സസ്പെൻഷൻ നേരത്തെ വാങ്ങിയ റാമോസും ടീമും ഇപ്പോൾ പ്രീക്വാർട്ടറിൽ തന്നെ പുറത്തായിരിക്കുകയാണ്. ഇന്നലെ റാമോസിന്റെ അഭാവം ആയിരുന്നു റയൽ മാഡ്രിഡ് നിരയിൽ ഏറ്റവും തെളിഞ്ഞ് കണ്ടത്. ഒരു ലീഡറുടെ അഭാവവും ഒപ്പം ഡിഫൻസിലെ ഒരു പോരാളിയുടെ അഭാവവും ബെർണബാവുവിൽ മുഴച്ചു നിന്നു. 4-1ന്റെ പരാജയമാണ് റാമോസ് ചെറുതായി കണ്ട അയാക്സിന്റെ കയ്യിൽ നിന്ന് റയൽ ഏറ്റുവാങ്ങിയത്. മൂന്ന് കൊല്ലം തുടർച്ചയായി സ്വന്തമാക്കിയ കിരീടം കാണാൻ പോലുമുള്ള ദൂരത്തിൽ എത്താതെ മടക്കം. ഈ പരാജയത്തിൽ വലിയ പങ്ക് റാമോസിന്റെ അതിബുദ്ധിക്കും ഉണ്ടെന്ന് ഫുട്ബോൾ ലോകം എന്നും ഓർക്കും.