ഗെയിലിന്റെ ആരോപണങ്ങളെ തള്ളി സര്‍വന്‍, താരം അതുല്യ പ്രതിഭ

Sports Correspondent

തന്നെ ജമൈക്ക തല്ലാവാസില്‍ നിന്ന് പുറത്താക്കുവാന്‍ ചരട് വലിച്ചത് രാംനരേഷ് സര്‍വന്‍ ആണെന്ന ക്രിസ് ഗെയിലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാംനരേഷന്‍ സര്‍വന്‍. ഗെയിലിന്റെ ആരോപണങ്ങള്‍ അസംബന്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് രാംനരേഷ് സര്‍വന്‍ പറഞ്ഞു. യൂട്യൂബിലെ താരം നടത്തിയ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ സര്‍വന്‍ തനിക്ക് ഗെയിലിനെ ടീമില്‍ നിലനിര്‍ത്താതിരുന്ന തീരുമാനത്തിന് പിന്നില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞു.

നേരത്തെ ഫ്രാഞ്ചൈസിയും ഈ ആരോപണത്തെ തള്ളി രംഗത്തെത്തിയിരുന്നു. ജമൈക്ക തല്ലാവാസിന്റെ കഴിഞ്ഞ സീസണിലെ പ്രകടനത്തെ ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട പ്രകടനത്തിനായാണ് ഈ തീരുമാനം എന്ന് ടീം മാനേജ്മെന്റും സര്‍വനും പറഞ്ഞു. ഗെയില്‍ തനിക്കെതിരെ വ്യക്തിപരമായി കാര്യങ്ങള്‍ ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സര്‍വന്‍ പറഞ്ഞു.

താനുള്‍പ്പെടെ ഒട്ടനവധി പേരെ വ്യക്തിപരമായി ആക്രമിക്കുവാനാണ് ഗെയില്‍ ശ്രമിച്ചതെന്നും അതില്‍ തന്നെയാണ് പ്രധാനമായും കേന്ദ്രീകരിച്ചതെന്നും സര്‍വന്‍ വ്യക്തമാക്കി. ക്രിസ് ഗെയില്‍ അതുല്യ പ്രതിഭയാണെന്നും താരത്തിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കണമെന്ന് ഇയാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്ത് ഗെയിലിനൊപ്പം നിന്നവരില്‍ ഒരാളാണ് താനെന്നും സര്‍വന്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ പത്രപവര്‍ത്തകയ്ക്കെതിരെ മോശം പെരുമാറ്റത്തിന് ഗെയില്‍ അന്ന് വിവാദത്തില്‍ പെടുകയായിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ കളിച്ച താരമെന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനവും വളരെ അടുത്ത സുഹൃത്തായാണ് കണക്കാക്കിയതെന്നും തന്റെ കുടുംബാംഗങ്ങളും ഗെയിലിനോട് അടുപ്പം സൂക്ഷിക്കുന്നവരാണെന്നും അവരെല്ലാം ഈ വിഷയത്തില്‍ വിഷമിച്ചിരിക്കുകയാണെന്നും സര്‍വന്‍ വ്യക്തമാക്കി.