37 കാരനായ ക്രൊയേഷ്യൻ ഫുട്ബോൾ ഇതിഹാസം ഇവാൻ റാകിറ്റിച് ഫുട്ബോളിൽ നിന്നു വിരമിച്ചു. ഫുട്ബോളിന് നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പുറത്ത് വിട്ടാണ് മധ്യനിരതാരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വിസ് ക്ലബ് എഫ്.സി ബേസലിലൂടെ തന്റെ വരവ് പ്രഖ്യാപിച്ച റാകിറ്റിച് ഷാൽകക്ക് ശേഷം 2011 മുതൽ 2014 വരെ സെവിയ്യയിലൂടെയാണ് തന്റെ മികവ് ലോകത്തിനു കാണിച്ചത്. തുടർന്ന് 2014 മുതൽ 6 വർഷം ബാഴ്സലോണയിൽ കളിച്ച താരം വീണ്ടും 2020 ൽ സെവിയ്യയിൽ തിരിച്ചെത്തി. തുടർന്ന് 2024 ൽ സൗദി ക്ലബ് അൽ ഷബാബിൽ ചേർന്ന താരം നിലവിൽ ക്രൊയേഷ്യൻ ക്ലബ് സ്പ്ലിറ്റിന്റെ താരമാണ്. 993 മത്സരങ്ങളിൽ നിന്നു 297 ഗോളുകൾക്ക് ഭാഗമായ താരം കരിയറിൽ 16 കിരീടങ്ങൾ ആണ് നേടിയത്.
ബാഴ്സലോണക്ക് ഒപ്പം യുഫേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റാകിറ്റിച് സെവിയ്യയുടെ രണ്ടു യൂറോപ്പ ലീഗ് കിരീരങ്ങളിലും ഭാഗമായി. ബാഴ്സലോണക്ക് ഒപ്പം നാലു സ്പാനിഷ് ലാ ലീഗ കിരീടങ്ങൾ നേടിയ താരം 1 ക്ലബ് ലോകകപ്പ്, 1 യുഫേഫ സൂപ്പർ കപ്പ്, 4 കോപ്പ ഡെൽ റെയ നേട്ടങ്ങളിലും കറ്റാലൻ ക്ലബിന് ഒപ്പം പങ്കാളിയായി. പലപ്പോഴും ബാഴ്സലോണയുടെ കിരീടനേട്ടങ്ങളിൽ മധ്യനിരയിൽ വലിയ പങ്ക് ആണ് റാകിറ്റിച് വഹിച്ചത്. 2018 ൽ ക്രൊയേഷ്യയുടെ ഫിഫ ലോകകപ്പ് ഫൈനൽ പ്രവേശനത്തിനു റാകിറ്റിച് വലിയ പങ്ക് ആണ് വഹിച്ചത്. ക്രൊയേഷ്യക്ക് ആയി 106 മത്സരങ്ങളിൽ നിന്നു 15 ഗോളുകൾ നേടിയ താരം ബാഴ്സലോണക്ക് ആയി 310 മത്സരങ്ങളിൽ നിന്നു 36 ഗോളുകളും സെവിയ്യക്ക് ആയി 323 മത്സരങ്ങളിൽ നിന്നു 51 ഗോളുകളും താരം നേടിയിട്ടുണ്ട്. ക്രൊയേഷ്യൻ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ ആയാണ് റാകിറ്റിച് പരിഗണിക്കപ്പെടുന്നത്.