അമേരിക്ക പാകിസ്ഥാന് ഉള്ളിൽ കടന്നു പാകിസ്ഥാൻ അറിയാതെ ഒസാമ ബിൻ ലാദനെ വധിച്ചതിനെ കുറിച്ചു ഒരു പത്രപ്രവർത്തകൻ ഒരിക്കൽ പ്രസിഡന്റ് മുഷറഫിനോട് ചോദിച്ചു, അമേരിക്കൻ സൈന്യം ഹെലികോപ്റ്ററിൽ നമ്മുടെ അതിർത്തിക്കു ഉള്ളിൽ കടന്ന് വന്നിട്ടും നമ്മുടെ റഡാറുകളിൽ എന്തു കൊണ്ട് കണ്ടില്ല? മുഷറഫ് പറഞ്ഞു, നമ്മുടെ റഡാറുകൾ എല്ലാം ഇന്ത്യയിലേക്ക് തിരിച്ചു വച്ചിരിക്കുകയാണ്, അതു കൊണ്ട് മറുവശത്തു നിന്നു വന്ന അമേരിക്കൻ സൈന്യത്തെ കണ്ടില്ല! ഇത് മുഷറഫ് തമാശയായി പറഞ്ഞതാണെങ്കിലും, ഏതാണ്ട് ഇതു പോലെയാണ് ഇന്ന് ഈഡൻ ഗാർഡൻസിൽ സംഭവിച്ചത്.
ബാംഗ്ലൂർ ടീമിലെ ഫാഫ്, കോഹ്ലി, മാക്സ്വെൽ എന്നീ മുൻനിര ബാറ്റേർസിനെ ലക്ഷ്യം വച്ചുള്ള പദ്ധതികളുമായാണ് ലക്‌നൗ ഇന്ന് കളത്തിൽ ഇറങ്ങിയത്. ഇവരെ ഉന്നം വച്ചു കളിച്ചപ്പോൾ അവരറിയാതെ ഒരു അരികിൽ കൂടി പടിദാർ അവരുടെ അതിർത്തി ലംഘിച്ചു അകത്തു കടന്നു തിമിർത്താടി. പടിദാർ ഏതാണ്ട് 50 കടന്നപ്പോഴാണ് രാഹുലിനും കൂട്ടർക്കും അപകടം മനസ്സിലായത്. ആ ഘട്ടത്തിലും പ്രതീക്ഷിക്കാവുന്ന ആർസിബി സ്‌കോർ 160ന് അടുത്തായിരിന്നു. പക്ഷെ പിന്നീട് ഡികെയെ കൂട്ടുപിടിച്ചു പടിദാർ നടത്തിയ താണ്ഡവം അവശ്വസനീയമായിരുന്നു. ലക്‌നൗ കളിക്കാരുടെ ഫീൽഡിങ് പ്രകടനം സഹായിച്ചു എന്നതിൽ തർക്കമില്ല, പക്ഷെ അതൊന്നും തന്നെ ഈ സീസണിലെ ഏറ്റവും നല്ല സെഞ്ചുറിയുടെ പകിട്ടു കെടുത്തിയില്ല. 112 റണ്സ് എടുത്തു പുറത്താകാതെ നിന്ന പടിദാറിന്റെ 50 കഴിഞ്ഞുള്ള ബാറ്റിങ്ങിന് അദ്ഭുതകരമായ സൗന്ദര്യമായിരുന്നു. രണ്ടിൽ കൂടുതൽ സിക്സുകൾ പിറന്ന ഓവറുകൾ നിറഞ്ഞ ആ കൂട്ടുകെട്ടിന്റെ ഭംഗി കാലങ്ങളോളം കാണികളുടെ മനസ്സിൽ മായാതെ നിൽക്കും. 207 സ്‌ട്രൈക് റേറ്റ് ഒക്കെ ചെറിയ സ്കോറുകൾക്കാണ് സാധാരണ പതിവ്. ഇതിനിടയിൽ കോഹ്ലി, മാക്സ്വെൽ, മഹിപാൽ എന്നിവർ പവിലിയനിലേക്ക് മടങ്ങിയത് ഈ യുവതാരം അറിഞ്ഞതായി കൂടി ഭാവിച്ചില്ല. പടിദാർ ഈ ടീമിലേക്ക് വന്നത് ഒരു റീപ്ളേസ്മെന്റ് കളിക്കാരനായിട്ടാണ് എന്നത് ആരും മറക്കരുത്.
20 ഓവറിൽ 207 റണ്സ് എടുത്തു ആർസിബി ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോൾ, ഗൗതം ഗംഭീറിന് ഉത്തരങ്ങൾ ഇല്ലായിരുന്നു. 207 എന്ന സ്കോറിനെക്കാൾ, ലക്‌നൗ ടീം പടിദാറിന്റെ ആ പ്രകടനം കണ്ട് പകച്ചുപോയ കാഴ്ചയാണ് നമ്മൾ കണ്ടത്.
ഇതിന് മറുപടി പറയാൻ പിച്ചിൽ ഇറങ്ങിയ ലക്‌നൗവിന് ആദ്യ ഓവറിൽ തന്നെ ക്വിൻറ്റനെ നഷ്ടപ്പെട്ടു. പിന്നീട് രാഹുൽ കാര്യമായി ശ്രമിച്ചെങ്കിലും റിക്വയേഡ് റണ് റേറ്റ് കൂടി കൊണ്ടിരുന്നു. ശരിക്ക് പറഞ്ഞാൽ പടിദാർ ഷോക്കിൽ നിന്ന് കരകയറാൻ ലക്‌നൗവിന് സാധിച്ചില്ല.
പിന്നീട് വിക്കറ്റുകൾ അധികം കളയാതെ കളിച്ച ലക്‌നൗവിന് പക്ഷെ ഉയർന്ന സ്‌കോർ ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. ഹസരംഗയുടെയും ഹർഷദ് പട്ടേലിന്റെയും പിശുക്കിയുള്ള ബോളിംഗിൽ ബൗണ്ടറികൾ കണ്ടെത്താൻ രാഹുലും ഹൂഡയും ബുദ്ധിമുട്ടി, പിന്നീട് വന്ന സ്റ്റോയ്‌നസും. 79 റണ്സ് എടുത്തു പത്തൊമ്പതാം ഓവറിൽ രാഹുൽ ഔട്ട് ആയപ്പോൾ ആർസിബി ആഘോഷം തുടങ്ങി. ഇന്നത്തെ ആർസിബിയുടെ വിജയത്തിന് പൂർണ്ണ ഉത്തരവാദി രജത് പടിദാർ തന്നെ.
അഹമ്മദാബാദിലേക്ക് നാളെ ഫാഫും കൂട്ടരും വണ്ടി കയറുമ്പോൾ സഞ്ജു സാംസണ് അവർക്കായി അവിടെ കാത്ത് നിൽപ്പുണ്ടാകും, കഴിഞ്ഞ കളിയിലെ തെറ്റുകൾ തിരുത്തി വീണ്ടും ഒരിക്കൽ കൂടി ഗുജറാത്തിനെ നേരിടാൻ തയ്യാറായി. പക്ഷെ അതിന് മുൻപ് സഞ്ജുവിനും കൂട്ടർക്കും ഒരു പുതിയ വെല്ലുവിളിയായി പടിദാറും ഗ്രൗണ്ടിൽ ഉണ്ടാകും.