നോട്ടി ബോയ് ഹാർദിക് പാണ്ഡ്യ vs നെക്സ്റ്റ് ഡോർ ബോയ് സഞ്ജു സാംസൺ

ക്രിക്കറ്റ് അതിന്റെ ഏറ്റവും സന്തോഷകരമായ ഒരു തിരിച്ചു പോക്കാണ് ഇന്ന് നടത്തുന്നത്. ലോകമെമ്പാടും ഉള്ള ഗ്രൗണ്ടുകളിൽ മുൻനിരയിൽ ഉള്ള കൊൽക്കൊത്ത ഈഡൻ ഗാർഡൻസിലേക്ക്. എത്രയെത്ര കളികൾ കണ്ട കളമാണിത്, അതും ആവേശം നിറഞ്ഞ, കാണികളെ അവസാന നിമിഷം വരെ മുൾമുനയിൽ നിറുത്തുന്ന കളികൾ. ഒരിക്കൽ ഒരു ഇംഗ്ലീഷ് താരം പറഞ്ഞത്, നിങ്ങൾ ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നാണ് അർത്ഥം! 20220524 111617

ആ ഗ്രൗണ്ടിലേക്കാണ് ഐപിഎൽ തിരിച്ചു പോകുന്നത്. ഷാരൂഖിന്റെ നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ പക്ഷെ ഹോം ടീം ഇല്ലാതെയാണ് പ്ലേ ഓഫ് തുടങ്ങുന്നത്. ഇന്നത്തെ ആദ്യ പ്ലേ ഓഫിൽ ഈ സീസണിലെ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും, രാജസ്ഥാൻ റോയൽസും തമ്മിലാണ് അങ്കം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യൻ ക്രിക്കറ്റിലെ നോട്ടി ബോയ് ഹാർദിക്കും, നെക്സ്റ്റ് ഡോർ ബോയ് സഞ്ജു സാംസണും തമ്മിൽ. കുറച്ചു കൂടി കടന്നു പറഞ്ഞാൽ, ലോക ക്രിക്കറ്റിലെ മാന്യമാരായിരുന്ന സങ്കക്കാരെയും, ആശിഷ് നെഹ്‌റയും തമ്മിൽ!

കഴിഞ്ഞ ഒരു മാസമായി മുംബൈയിലും പൂനയിലും മാത്രമായി തിരിഞ്ഞു കളിച്ചിരുന്ന ഐപിഎൽ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ടീമുകളെ വിശകലനം ചെയ്യുന്നതിൽ വലിയ അർത്ഥമില്ല, കളിക്കാരെയും. 14 കളികൾ കളിച്ചു, പ്ലേ ഓഫിൽ കടക്കാനായി ഇരു ടീമുകളും തങ്ങളുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും എടുത്തു ഉപയോഗിച്ച് കഴിഞ്ഞു. ഇനി പുതുതായി എന്തേലും അടവ് എടുക്കുമെന്നോ, ഇത് വരെ കളിക്കാത്ത ഒരു കളിക്കാരനെ ഇറക്കുമെന്നോ കരുതാൻ വയ്യ.

ഇത് ഒരു കാലാശക്കളിയല്ല, ഇതിൽ തോൽക്കുന്നവർക്കു ഒരു അവസരം കൂടി കിട്ടും എന്ന് രണ്ടു ടീമുകൾക്ക് അറിയാം, പക്ഷെ ഒരു ജയത്തിൽ കുറഞ്ഞ ഒന്നും ഇരു ടീമുകളും ലക്‌ഷ്യം വയ്ക്കുന്നില്ല. 20220524 111710

അത്ഭുതങ്ങൾ കാഴ്ച വയ്ക്കുന്ന ഒരു ടീമായിട്ടാണ് ഇത് വരെ ഗുജറാത്തിനെ കളിയാശാന്മാർ കണ്ടത്. എന്തും പ്രതീക്ഷിക്കാവുന്ന ഒരു ടീമാണ്. അവസാന ബോൾ എറിയും വരെ ഒന്നും പറയാൻ പറ്റില്ല. അസാധ്യമായ കളി പുറത്തെടുത്തു വിസ്മയിപ്പിക്കും.

രാജസ്ഥാൻ അതെ സമയം അത്ഭുതപ്പെടുത്തുന്നത് ടീം എഫേർട് കാഴ്ചവച്ചാണ്. ഈ സീസണിൽ ഒരേ മനസ്സോടെ കളിച്ച മറ്റൊരു ടീമിനെ ചൂണ്ടി കാണിക്കാൻ പറ്റില്ല. ഓരോ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും, ഒന്നിച്ചു നിന്ന് സഞ്ജുവും കൂട്ടരും കയറി പോരും.

ഈ പറഞ്ഞതൊന്നും കൊണ്ട്, ഇന്നത്തെ കളിയിൽ ഭാഗ്യ പരീക്ഷണം നടത്താൻ രണ്ടു ടീമും മുതിരരുത്. ഒരു അളവ് വരെ മുൻകൈ ഗുജറാത്തിനാണ് എന്ന് പറയാമെങ്കിലും, രാജസ്ഥാൻ ടീം ജീവൻ മരണ പോരാട്ടമാണ് കാഴ്ചവയ്ക്കാൻ തയ്യാറെടുക്കുന്നത്. ഒരു പ്രവചനത്തിനു മുതിരുന്നില്ല, ബുദ്ധി പറയുന്നു ഗുജറാത്ത് ജയിക്കുമെന്ന്, പക്ഷെ ഹൃദയം രാജസ്ഥാന് ഒപ്പമാണ്. ഒരു കാര്യം ഉറപ്പു, തെറ്റുകൾ വരുത്താത്ത, അല്ലെങ്കിൽ താരതമ്യേന കുറവ് തെറ്റുകൾ വരുത്തുന്ന ടീമാകും ഇന്ന് വിജയിക്കുക.