കലിംഗ സ്റ്റേഡിയത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള പുരിയിലെ ഗോൾഡൻ ബീച്ചിലായിരുന്നു ഇന്നലത്തെ സായാഹ്നം. സൂര്യനസ്തമിക്കുമ്പോൾ ഉണരുന്ന തെരുവ്. രാത്രിയായിത്തുടങ്ങുമ്പോൾ ഓരോരോ വർണ്ണക്കുടകൾ കടപ്പുറത്ത് വിരിഞ്ഞു തുടങ്ങുന്നു. വെളിച്ചം കൂടി പരക്കുന്നതോടെ നാട്ടിലെ ഉത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന വാണിജ്യസ്റ്റാളുകൾ അവിടെ ദൃശ്യമാകും. ഞങ്ങൾ ചായ വാങ്ങി അങ്ങോട്ടേക്ക് നടന്നു. മടുപ്പില്ലാതെ ആൾക്കാരെ ഉല്ലസിപ്പിച്ചു കൊണ്ടേയിരിക്കുന്ന കടൽ. തളർച്ചയില്ലാത്ത തിരമാലകൾ. വനിതാ ലോകകപ്പ് കാണാനെത്തിയ ഞങ്ങളോട് കടലമ്മ ഒഡീഷയുടെ അഭിമാന ഭാജനങ്ങളെ കുറിച്ച് വാചാലയായി. പ്യാരി സാക്സ, മാനിസ പന്ന… ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യങ്ങൾ.
ഇന്ത്യൻ വുമൺസ് ലീഗിന്റെ കന്നി സീസണിൽ റൈസിംഗ് സ്റ്റുഡന്റ്സ് ക്ലബിനായാണ് പ്യാരി പന്തുതട്ടിയത്. 11 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളടിച്ചുകൂട്ടിയാണ് അവർ വരവറിയിച്ചത്. ഇക്കഴിഞ്ഞ സീസണിൽ സ്പോർട്സ് ഒഡീഷയ്ക്കായി 10 മത്സരങ്ങളിൽ 12 ഗോളുകൾ. വേഗതയാർന്ന ചുവടുകളാൽ ‘ഫെറാരി’ എന്ന ഇരട്ടപ്പേരും ഈ താരം സമ്പാദിച്ചിട്ടുണ്ട്. ദേശീയ അണ്ടർ 19 ടീമിൽ കളിച്ച ശേഷം തന്റെ 18ആം വയസ്സിൽ തന്നെ സീനിയർ ടീമിനായി അരങ്ങേറാൻ അവർക്ക് കഴിഞ്ഞു. 19 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ നീലക്കുപ്പായത്തിൽ നേടിയിട്ടുണ്ട്. പുത്തൻ ടീമായ ഒഡീഷ എഫ്സി വനിതാ ടീമിനായാണ് ഈ 25കാരി വരുംസീസണിൽ കളത്തിലിറങ്ങുക.
തിരയൊടുങ്ങാത്ത കടൽ പോലെ പ്രതിസന്ധികൾ വേട്ടയാടിയ ജീവിതച്ചുഴികളെ അതിജീവിച്ചാണ് മാനിസ പന്ന ഇന്ന് നമ്മളറിയുന്ന താരമായി മാറിയത്. ഗ്രാമത്തിൽ ഫുട്ബോൾ കളിക്കുന്ന പെൺകുട്ടികളാരും ഇല്ലാത്തതിനാൽ ആൺകുട്ടികളോടൊപ്പം പന്തുതട്ടിപ്പഠിച്ച ബാല്യം. അച്ഛനായിരുന്നു ആദ്യ പരിശീലകൻ. അദ്ദേഹത്തിന്റെ കാലശേഷവും മാനിസ ഫുട്ബോൾ മോഹങ്ങളുമായി മുന്നോട്ടുനീങ്ങി. കുടുംബത്തിലും അയല്പക്കങ്ങളിലും അപസ്വരങ്ങൾ മുറുമുറുത്തെങ്കിലും, പത്രത്തിലൊക്കെ പേര് വന്ന ശേഷം അവരെല്ലാവരും അംഗീകരിച്ചെന്ന് മാനിസ പറയുന്നു. മുത്തശ്ശിയാണ് അവർക്ക് ഏറ്റവുമധികം പിന്തുണ നൽകിയത്. മൂന്നുനേരം പശിയടക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും, സ്വന്തം താത്പര്യങ്ങളുമായി മുന്നോട്ടു നീങ്ങാൻ മുത്തശ്ശി പ്രചോദനം തന്നെന്ന് ഈ മുപ്പത്തൊന്നുകാരി ഓർക്കുന്നു. ജൂനിയർ ടീമുകളിലൂടെ ദേശീയതലത്തിൽ അവതരിച്ച മാനിസ 2015 ൽ സീനിയർ ടീമിന്റെ നീലക്കുപ്പായമണിഞ്ഞു. അതോടെ നാട്ടുകാർ അവരുടെ അഭിമാനമായി തന്നെ കണ്ടെന്നും മാനിസ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ ടീമിന്റെ മധ്യനിരയെ ചലിപ്പിക്കുന്ന ഈ താരം ഇതേവരെ 27 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
ഒഡീഷയുടെ വിശേഷങ്ങൾ ഇനിയുമേറെയുണ്ട്; പുരി ബീച്ചിൽ അണഞ്ഞുതീരാത്ത തിരകളെപ്പോലെ…