വേള്‍ഡ് ടൂര്‍ ഫൈനല്‍സ് 2018 കിരീട ജേതാവായി പിവി സിന്ധു. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ജപ്പാന്റെ നൊസോമ ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധു കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും ഏറെ വിയര്‍പ്പൊഴുക്കിയാണ് സിന്ധുവിന്റെ വിജയം. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-6നു സിന്ധു ലീഡ് ചെയ്തുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി നൊസോമി 16-16നു ഒപ്പം പിടിയ്ക്കുകയായിരുന്നു. എന്നാല്‍ പതറാതെ സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിന്റെയും ഇടവേള സമയത്ത് 11-9ന്റെ നേരിയ ലീഡ് മാത്രമാണ് സിന്ധുവിനുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആദ്യ ഗെയിമിനെക്കാള്‍ മികവ് പുലര്‍ത്തി സിന്ധു മത്സരം 21-19, 21-17 എന്ന സ്കോറിനു വിജയിച്ചു. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.
ഇന്ത്യന്‍ കായിക മേഖലയിലെ തന്നെ ചരിത്ര മുഹൂര്‍ത്തമായി സിന്ധുവിന്റെ ഈ വിജയത്തെ വിലയിരുത്താവുന്നതാണ്. ഈ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പിവി സിന്ധു.