ഹ്യൂം വന്നു, പൂനെ സിറ്റിക്ക് ആദ്യ ജയം, ജംഷദ്പൂരിന് ആദ്യ തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇയാൻ ഹ്യൂം ആദ്യമായി ഇറങ്ങിയ മത്സരത്തിൽ പൂനെ സിറ്റി തങ്ങളുടെ സീസണിലെ ആദ്യ ജയം കണ്ടെത്തി. ഇന്ന് പൂനെയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജംഷദ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പൂനെ സിറ്റി തോൽപ്പിച്ചത്. ജംഷദ്പൂരിന്റെ സീസണിലെ ആദ്യ പരാജയമാണിത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മാറ്റ് മിൽസ് നേടിയ ഗോളാണ് പൂനെ സിറ്റിക്ക് ജയം നേടിക്കൊടുത്തത്. പൂനെയ്ക്ക് സീസണിലെ ആദ്യ ജയത്തിനായി എട്ടാം മത്സരം വരെയാണ് കാത്തിരിക്കേണ്ടി വന്നത്.

കളിയിൽ ആദ്യ പത്തു മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾ പിറന്നിരുന്നു. കളിയുടെ അഞ്ചാം മിനുട്ടിൽ ഡിയേഗോ കാർലോസ് നേടിയ ഒരു സോളോ ഗോൾ ആണ് ആദ്യം പൂനെയിൽ പിറന്നത്. ഹാഫ് ലൈനിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ചാണ് കാർലോസ് ആ ഗോൾ നേടിയത്. അത് പൂനെയ്ക്ക് ലീഡും നൽകി.

പക്ഷെ അഞ്ചു മിനുട്ടിനുള്ളിൽ തന്നെ ജംഷദ്പൂർ തിരിച്ചടിച്ചു. സുമീത് പസ്സിയാണ് സമനില നേടിക്കൊടുത്തത്. കാല്വോയുടെ ഗംഭീര ക്രോസിൽ നിന്നായിരുന്നു ആ ഗോൾ. ലീഡ് നില നിർത്താൻ പരാജയപ്പെടുന്ന പൂനെ സിറ്റിയുടെ പതിവു കാഴ്ചയാണ് ബാലവേദി സ്റ്റേഡിയത്തിൽ ഇന്നും കണ്ടത്.

രണ്ടാം പകുതിയിൽ ഇയാൻ ഹ്യൂം ഇറങ്ങി എങ്കിലും കളിയിൽ താളം കണ്ടെത്താൻ ഇരു ടീമുകൾക്കു ആയില്ല. പൂനെ സിറ്റിക്ക് കിട്ടിയ ഒരു ഗംഭീര അവസരം റോബിൻ സുംഗ് നശിപ്പിക്കുകയും ചെയ്തു. ആഷിഖ് കുരുണിയന്റെ ക്രോസിൽ നിന്ന് ഒരു ഫ്രീ ഹെഡർ ലഭിച്ചിട്ടും ഗോളിയെ പരീക്ഷിക്കാൻ വരെ റോബിനായില്ല.

കളി സമനിലയിലേക്ക് പോകും എന്ന് തോന്നിയ സമയത്താണ് മാറ്റ് മിൽസിന്റെ വിജയ ഗോൾ പിറന്നത്. 86ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ആ ഗോൾ വന്നത്. ഇത് ആദ്യ ജയം ആണെങ്കിലും ആ ജയം പൂനെ സിറ്റിയെ ടേബിളിന്റെ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടുത്തി. പൂനെ ഇപ്പോൾ എട്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റാണ് പൂനെ സിറ്റിക്ക് ഉള്ളത്. സീസണിലെ ആദ്യ തോൽവി നേരിട്ട ജംഷദ്പൂർ മൂന്നാം സ്ഥാനത്ത് തന്നെ തുടരും.