യുവേഫ ചാമ്പ്യൻസ് ലീഗിൽ 6 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം വെറും 3 പോയിന്റുകൾ മാത്രം ഉണ്ടായിരുന്ന ബോഡോ/ഗ്ലിന്റ് എട്ട് മത്സരങ്ങൾക്ക് ശേഷം 9 പോയിന്റ് നേടി 23 സ്ഥാനക്കാർ ആയി പ്ലെ ഓഫ് യോഗ്യത സ്വന്തമാക്കി. അവസാന 2 മത്സരങ്ങളിൽ തോൽപ്പിച്ച എതിരാളികൾ ചില്ലറക്കാരല്ല എന്നറിയുമ്പോൾ ആണ് ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കുന്ന നോർവീജിയൻ ക്ലബിന്റെ നേട്ടത്തിന്റെ വില അറിയുക. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം മൈതാനത്ത് 3-1 നു തോൽപ്പിച്ച അവർ ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ എതിരാളികളുടെ സ്റ്റേഡിയത്തിൽ ആണ് ഞെട്ടിച്ചത്. സോർലോത്തിന്റെ ഗോളിൽ മുന്നിൽ എത്തിയ സ്പാനിഷ് വമ്പന്മാരെ ഫെഡറിക്, കാസ്പർ ഹോഗ് എന്നിവർ ഗോളുകൾക്ക് ആണ് നോർവീജിയൻ ടീം ഞെട്ടിച്ചത്. തോൽവിയോടെ 14 സ്ഥാനത്തേക്ക് വീണ അത്ലറ്റികോ മാഡ്രിഡും അവസാന പതിനാറിൽ എത്താൻ പ്ലെ ഓഫ് കളിക്കണം. ന്യൂകാസ്റ്റിൽ യുണൈറ്റഡിന് എതിരെ നിർണായക മത്സരത്തിൽ സ്വന്തം മൈതാനത്ത് 1-1 നു സമനില വഴങ്ങിയ നിലവിലെ ജേതാക്കൾ ആയ പി.എസ്.ജിയും പ്ലെ ഓഫ് ക്ളിക്കേണ്ടി വരും. നാലാം മിനിറ്റിൽ ഡംബേല പെനാൽട്ടി പാഴാക്കിയ മത്സരത്തിൽ എട്ടാം മിനിറ്റിൽ വിറ്റീനയിലൂടെ പാരീസ് മുന്നിൽ എത്തി.

എന്നാൽ ജോ വില്ലോക്കിലൂടെ ന്യൂകാസ്റ്റിൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് സമനില പിടിക്കുക ആയിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും വിജയഗോൾ കാണാൻ ആയില്ല. 11 മത് എത്തിയ പാരീസും 12 മത് എത്തിയ ന്യൂകാസ്റ്റിലും ഇതോടെ പ്ലെ ഓഫ് കളിക്കണം. ഡോർട്ട്മുണ്ടിനെ 2-0 തോൽപ്പിക്കാൻ ആയെങ്കിലും പത്താം സ്ഥാനത്ത് എത്തിയ ഇന്റർ മിലാനും ആദ്യ എട്ടിൽ എത്താൻ ആയില്ല. 17 മത് എത്തിയ ഡോർട്ട്മുണ്ടിന് ഒപ്പം അവരും പ്ലെ ഓഫ് കളിക്കണം. 13 മത് എത്തിയ യുവന്റസ്, 15 മത് എത്തിയ അറ്റലാന്റ, 16 മത് ആയ ബയേർ ലെവർകുസൻ എന്നിവർക്കും പ്ലെ ഓഫ് കടമ്പയാണ് മുന്നിൽ ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പത് മുതൽ 24 വരെയുള്ള ടീമുകൾ തമ്മിലുള്ള പ്ലെ ഓഫിൽ വിജയികൾ ആവുന്ന ടീമുകൾ ആണ് അവസാന പതിനാറിൽ ഉള്ള നിലവിൽ യോഗ്യത നേടിയ ടീമുകളെ നേരിടുക. ജനുവരി 30 നു ആയിരിക്കും പ്ലെ ഓഫ് മത്സരക്രമങ്ങൾ തീരുമാനിക്കപ്പെടുക. ഒമ്പത് മുതൽ 16 വരെയുള്ള 8 ടീമുകൾ സീഡഡ് ടീമുകളും 17 മുതൽ 24 വരെയുള്ള 8 ടീമുകൾ അൺ സീഡഡ് ടീമുകളും ആയിരിക്കും. സീഡഡ് ടീമിന് ആയിരിക്കും രണ്ടാം പാദ മത്സരം തങ്ങളുടെ സ്റ്റേഡിയത്തിൽ കളിക്കുക എന്ന ആനുകൂല്യം ലഭിക്കുക. ഫെബ്രുവരിയിൽ ആണ് പ്ലെ ഓഫ് മത്സരങ്ങൾ നടക്കുക.









