ഇന്റർമിലാനിൽ നിന്ന് അർജന്റീന സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി. നേരത്തെ ഈ സീസണിന്റെ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാണ് ഇകാർഡി ലീഗ് 1ൽ എത്തിയത്. തുടർന്ന് 51.2 മില്യൺ യൂറോ നൽകി പി.എസ്.ജി താരത്തെ സ്വന്തമാക്കുകയായിരുന്നു.
നേരത്തെ ഇകാർഡിയെ സ്വന്തമാക്കാൻ പി.എസ്.ജി 70 മില്യൺ യൂറോ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്റർ മിലൻ താരത്തെ വിട്ടു നല്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കൊറോണ വൈറസ് ബാധ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ താരത്തെ കുറഞ്ഞ വിലയിൽ വിൽക്കാൻ ഇന്റർ മിലൻ നിർബന്ധിതരാവുകയായിരുന്നു.
താരത്തെ സ്വന്തമാക്കാനുള്ള അവസാന ദിവസം മെയ് 31ന് അവസാനിക്കേയാണ് താരത്തെ പി.എസ്.ജി സ്വന്തമാക്കിയത്. ഈ സീസണിൽ പി.എസ്.ജിക്ക് വേണ്ടി 31 മത്സരങ്ങൾ കളിച്ച ഇകാർഡി 20 ഗോളുകളും നേടിയിട്ടുണ്ട്. ക്ലബുമായും ആരാധകരുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ഈ സീസണിന്റെ തുടക്കത്തിൽ ഇകാർഡി പി.എസ്.ജിയിൽ എത്തുന്നത്.