യുവേഫ ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്ക് ഒരു വമ്പൻ വിജയം. ഇന്ന് ഇസ്രായേൽ ക്ലബായ മകാബി ഹൈഫയെ നേരിട്ട പി എസ് ജി രണ്ടിനെതിരെ എഴ് ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് അസിസ്റ്റും രണ്ടു ഗോളുമായി മെസ്സി ഇന്ന് താറ്റമായി. മെസ്സി മാത്രമല്ല എമ്പപ്പെയും നെയ്മറും എല്ലാം ഇന്ന് ഗോൾ വല കണ്ടു.
മത്സരത്തിന്റെ പത്തൊമ്പതാം മിനുട്ടിൽ മെസ്സിയിലൂടെ ആണ് പി എസ് ജി ലീഡ് എടുത്തത്. എമ്പപ്പെ പെനാൾട്ടി ബോക്സിൽ വെച്ച് കൈമാറിയ പാസ് സ്വീകരിച്ച് ഔട്ടർ ഫൂട്ടു കൊണ്ട് മെസ്സി പന്ത് വലയിലേക്ക് തൊടുക്കുക ആയിരുന്നു.
ഇതിനു ശേഷം 32ആം മിനുട്ടിൽ എമ്പപ്പെയിലൂടെ പി എസ് ജി ലീഡ് ഇരട്ടിയാക്കി. എമ്പപ്പയുടെ സീസണിലെ പി എസ് ജിക്കായുള്ള പതിനഞ്ചാം ഗോളായിരുന്നു ഇത്. 35ആം മിനുട്ടിൽ നെയ്മറിലൂടെ പാരീസ് ക്ലബ് ലീഡ് മൂന്നാക്കി. മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.
ആദ്യ പകുതി അവസാനിക്കും മുമ്പ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് മെസ്സിയുടെ ഒരു മനോഹരമായ സ്ട്രൈക്കും കൂടെ വന്നു. ഇതോടെ ആദ്യ പകുതിയിൽ തന്നെ ക്ലബ് 4-1ന് മുന്നിൽ. അബ്ദുലയി സെക് ആയിരുന്നു ഹൈഫക്ക് ആയി ആദ്യ പകുതിയിൽ ഗോൾ നേടിയത്. സെക് രണ്ടാം പകുതിയിലും വല കുലുക്കി സ്കോർ 4-2 എന്നാക്കി.
ഇതുകൊണ്ട് ഒന്നും പി എസ് ജി സമ്മർദ്ദത്തിൽ ആയില്ല. അധികം വൈകാതെ എമ്പപ്പെയിലൂടെ പി എസ് ജിയുടെ അഞ്ചാം ഗോൾ, അതിനു ശേഷം സെൽഫ് ഗോളിലൂടെ ആറാം ഗോളും. 67 മിനുട്ടിൽ തന്നെ 6-2 ന്റെ ലീഡ്. മെസ്സിയുടെ അസിസ്റ്റിൽ നിന്ന് സോളറുടെ വകയായിരുന്നു പി എസ് ജിയുടെ ഇന്നത്തെ അവസാന ഗോൾ.
ഈ വിജയത്തോടെ പി എസ് ജി 5 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമത് നിൽക്കുകയാണ്.