യുഫേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ട്രബിൾ സ്വപ്നവും ആയി എത്തിയ ലിവർപൂളിനെ പുറത്താക്കി പാരീസ് സെന്റ് ജർമ്മൻ. ആദ്യ പാദത്തിൽ 1-0 ന്റെ പരാജയവും ആയി ആൻഫീൽഡിൽ എത്തിയ പി.എസ്.ജി പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ലിവർപൂളിനെ പുറത്താക്കിയത്. ആദ്യ പാദത്തിൽ നിർത്തിയ നിടത്ത് നിന്നു പി.എസ്.ജി തുടങ്ങുന്നത് ആണ് രണ്ടാം പാദത്തിലും കണ്ടത്. നിരന്തരം ആക്രമിച്ചു കളിച്ച അവർ 12 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിൽ എത്തി. ബ്രാകോളയുടെ ക്രോസിനുള്ള ശ്രമം കൊനാറ്റ തടഞ്ഞെങ്കിലും പിന്നാലെ എത്തിയ ഡെമ്പെല പാരീസിൽ തങ്ങളുടെ വഴി മുടക്കിയ ആലിസണിനെ ആദ്യമായി മറികടന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബ്രാകോളക്ക് ലഭിച്ച അവസരത്തിൽ മികച്ച സേവ് ആലിസൺ നടത്തി. ആദ്യ പകുതിയിൽ പി.എസ്.ജിയുടെ വേഗത്തിനും മധ്യനിരയിലെ മികവിനും മുന്നിൽ ലിവർപൂൾ പതറി. പ്രതിരോധത്തിൽ സലാഹിനെ പൂട്ടിയ നൂനോ മെന്റസും മധ്യനിരയിൽ വിറ്റീനയും നെവസും നന്നായി ആണ് കളിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ കളി കയ്യിൽ എടുത്തു. നിരന്തരം ആക്രമിച്ച അവർക്ക് മുന്നിൽ എന്നാൽ ഡൊണറൂമ വൻ മതിൽ തീർത്തു. ഇടക്ക് സൊബസ്ലായി പന്ത് വലയിൽ എത്തിച്ചെങ്കിലും അത് ഓഫ് സൈഡ് ആയി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ക്വനാഷിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് ലിവർപൂളിന് വമ്പൻ നിരാശ സമ്മാനിച്ചു. ലിവർപൂൾ ആധിപത്യം കാണിച്ച രണ്ടാം പകുതിയിൽ അവർക്ക് ഗോൾ ഒന്നും നേടാൻ ആവാത്തതോടെ മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു. എന്നാൽ ആ 30 മിനിറ്റിൽ പി.എസ്.ജിയാണ് മികവ് കാണിച്ചത്. അവസാന നിമിഷങ്ങളിൽ ഡെമ്പെലയുടെ ഉഗ്രൻ ശ്രമം ആലിസൺ അവിശ്വസനീയം ആയാണ് രക്ഷിച്ചത്. തുടർന്ന് ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. എന്നാൽ അവിടെ ലിവർപൂളിന്റെ ഡാർവിൻ നൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ പെനാൽട്ടി രക്ഷിച്ച പാരീസ് ഗോൾ കീപ്പർ ഡൊണരുമ ആൻഫീൽഡിൽ പാരീസിന് സ്വപ്ന രാത്രി സമ്മാനിച്ചു. പാരീസിന് ആയി പെനാൽട്ടി എടുത്ത 4 പേരും ലക്ഷ്യം കണ്ടപ്പോൾ സലാഹ് മാത്രമാണ് ലിവർപൂളിന് ആയി പെനാൽട്ടി ലക്ഷ്യം കണ്ടത്. ക്വാർട്ടർ ഫൈനലിൽ ആസ്റ്റൺ വില്ല, ക്ലബ് ബ്രൂഷെ മത്സര വിജയിയെ ആണ് പാരീസ് നേരിടുക.