കൊച്ചി: പ്രഥമ റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ഹൈദാരാബാദില്‍ നടത്തുമെന്ന് ലീഗ് മാനേജ്‌മെന്റ് അറിയിച്ചു. ഫെബ്രുവരി 5 മുതല്‍ കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്. സൂക്ഷമമായ ആലോചനകള്‍ക്കും നിലവിലെ സാഹചര്യം കണക്കിലെടുത്തുമാണ് കൊച്ചിയില്‍ നിന്നുള്ള വേദി മാറ്റമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെബ്രുവരി 5 മുതല്‍ 27 വരെയായിരിക്കും ലീഗ് നടക്കുക. 24 മത്സരങ്ങള്‍ അടങ്ങുന്ന ലീഗിന്റെ മത്സരക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കാളികളായ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും മാനേജ്‌മെന്റിന്റെ പ്രഥമ പരിഗണനയായതിനാല്‍, ശക്തമായ ബയോ ബബിള്‍ നടപ്പിലാക്കും. എല്ലാ പ്രോട്ടോക്കോളുകളും ബബിളിനുള്ളില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലീഗ് സംഘാടകര്‍ അറിയിച്ചു.
‘റുപേ പ്രൈം വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ആതിഥ്യമൊരുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. എങ്കിലും കേരളത്തിലെ കോവിഡ് 19 വ്യാപന സാഹചര്യം അവലോകനം ചെയ്ത് വിവിധ അധികാരികളുമായുള്ള നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം വേദി ഹൈദരാബാദിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഹൈദരാബാദില്‍ വോളിബോളിന് ശക്തമായ വേരോട്ടമുള്ളതിനാല്‍ വേദിമാറ്റം ലളിതമായ തിരഞ്ഞെടുപ്പായിരുന്നു’-വേദിമാറ്റത്തെ കുറിച്ച് സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഈ കാലയളവിലെ എല്ലാ വിധപിന്തുണയ്ക്കും കേരള സംസ്ഥാന സര്‍ക്കാരിനോടും, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അധികൃതരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിന് എല്ലായ്‌പ്പോഴും മഹത്തായ ഒരു കായിക സംസ്‌കാരമുണ്ടെന്നും, അതിനാല്‍ നഗരത്തില്‍ റുപേ പ്രൈം വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ‘ലോകമെമ്പാടുമുള്ള എല്ലാ പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദി നല്‍കുന്നതിന് ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്. ലീഗ് ആരംഭിക്കാന്‍ ഞങ്ങളും, അതത് ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്താന്‍ എല്ലാ താരങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, സുരക്ഷിതവും വിജയകരവുമായ ഒരു ലീഗ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഈ തീരുമാനത്തിലെത്താന്‍ പിന്തുണച്ചതിന് എല്ലാ ടീമുകളോടും ഞങ്ങളുടെ പാര്‍ട്ണര്‍മാരോടും നന്ദി അറിയിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേ പ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് പ്രൈം വോളിബോള്‍ ലീഗിന്റെ ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.