സെലസ്റ്റ്യല്‍ ട്രോഫി സെമി ഫൈനലില്‍ പ്രതിഭ സിസിയ്ക്ക് 257 റണ്‍സ്. എസ്ബിഐ എ ടീമിനെതിരെ ആദ്യം ബാറ്റ് ചെയ്ത പ്രതിഭ ബേസില്‍ മാത്യുവിന്റെ അര്‍ദ്ധ ശതക പ്രകടനത്തിനൊപ്പം ശ്രീനാഥ്, വിഷ്ണു വിനോദ് എന്നിവരുടെ മികവുറ്റ ബാറ്റിംഗിന്റെ കരുത്തിലാണ് 257 റണ്‍സിലേക്ക് എത്തിയത്. 45 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.
രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീനെ(9) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ബേസില്‍ മാത്യു മികച്ച രീതിയല്‍ ബാറ്റ് വീശിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് 6.4 ഓവറില്‍ 49 റണ്‍സ് നേടിയിരുന്നു. അധികം വൈകാതെ ബേസില്‍ മാത്യുവിനെ ടീമിന് നഷ്ടമായി. 41 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ശേഷമാണ് ബേസില്‍ മടങ്ങിയത്. 6 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു ബേസിലിന്റെ ഇന്നിംഗ്സ്.
പിന്നീട് അക്വിബ് ഫസലും(24) ശ്രീനാഥും(46) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. ഫസല്‍ പുറത്തായ ശേഷം ശ്രീനാഥിന് കൂട്ടായി വിഷ്ണു വിനോദ് എത്തുകയായിരുന്നു. 46 റണ്‍സ് നേടിയ വിഷ്ണു വിനോദിനെ പ്രതിഭയ്ക്ക് നഷ്ടമാകുമ്പോള്‍ 35.1 ഓവറില്‍ ടീം സ്കോര്‍ 196 റണ്‍സായിരുന്നു. അധികം വൈകാതെ ശ്രീനാഥിനെയും ടീമിന് നഷ്ടമായി.
ശ്രീരാജ്(26), എന്‍എം ഷറഫുദ്ദീന്‍(15), രഞ്ജിത്ത് രവീന്ദ്രന്‍(10*) എന്നിവരും അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ 257 എന്ന മികച്ച സ്കോറിലേക്ക് പ്രതിഭ എത്തി. എസ്ബിഐയ്ക്ക് വേണ്ടി വിനൂപ് മനോഹരന്‍ 4 വിക്കറ്റ് നേടി.