ഐപിഎലില്‍ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്. കീറണ്‍ പൊള്ളാര്‍ഡുടെ ഒറ്റയാള്‍ പ്രകടനത്തിന് പിന്തുണയുമായി ക്രുണാല്‍ പാണ്ഡ്യ, രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെയും പ്രകടനങ്ങള്‍ വന്നപ്പോള്‍ 219 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈ അവസാന പന്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
മികച്ച രീതിയില്‍ തുടങ്ങിയ മുംബൈയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും ഓപ്പണിംഗ് വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെയും ക്വിന്റണ്‍ ഡി കോക്കിനെയും(8) മുംബൈയ്ക്ക് നഷ്ടമായപ്പോള്‍ ടീം 81/3 എന്ന നിലയിലേക്ക് വീണു.
അവിടെ നിന്ന് കീറണ്‍ പൊള്ളാര്‍ഡ് ക്രുണാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് ഒറ്റയ്ക്ക് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പൊള്ളാര്‍ഡ് 17 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ സാം കറന്‍ 17ാം ഓവറിലാണ് കൂട്ടുകെട്ട് തകര്‍ത്തത്.
32 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് 89 റണ്‍സ് കൂട്ടുകെട്ടിനെ കറന്‍ തകര്‍ത്തത്. സാം കറന്‍ എറിഞ്ഞ ഓവറില്‍ വെറും 2 റണ്‍സ് മാത്രം പിറന്നപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 48 റണ്‍സായി മാറി. സാം കറനെ ധോണി 19ാം ഓവര്‍ ദൗത്യം കൊടുത്തുവെങ്കിലും ആദ്യ മൂന്ന് പന്തില്‍ തന്നെ രണ്ട് സിക്സും ഒരു ഡബിളും ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയതോടെ ലക്ഷ്യം 9 പന്തില്‍ 17 ആയി കുറഞ്ഞു. തൊട്ടടുത്ത പന്തില്‍ പാണ്ഡ്യയുടെ വിക്കറ്റ് സാം കറന്‍ വീഴ്ത്തി.
ഹാര്‍ദ്ദിക് ഏഴ് പന്തില്‍ 16 റണ്‍സാണ് നേടിയത്. ഓവറിലെ അവസാന പന്തില്‍ ജെയിംസ് നീഷത്തിനെ പുറത്താക്കി സാം കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. 34 പന്തില്‍ 87 റണ്‍സായിരുന്നു കീറണ്‍ പൊള്ളാര്‍ഡ് നേടിയത്. അവസാന പന്തില്‍ ഡബിള്‍ ഓടിയാണ് വിജയം പൊള്ളാര്‍ഡ് നേടിയത്. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി രണ്ട് ഫോറും ഒരു സിക്സും നേടി പൊള്ളാര്‍ഡ് ലക്ഷ്യം 1 പന്തില്‍ 2 റണ്‍സാക്കി മാറ്റിയിരുന്നു.
8 സിക്സും 6 ഫോറുമാണ് അപരാജിതനായ പൊള്ളാര്‍ഡ് നേടിയത്.