പ്രഥമ യുവേഫ നാഷൺസ് ലീഗ് കിരീടം പോർച്ചുഗലിന് സ്വന്തം. ഇന്ന് നടന്ന ഗംഭീര ഫൈനലിൽ ഹോളണ്ടിനെ ഏക ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ കിരീടം ഉയർത്തിയത്. യൂറോ കപ്പ് ഉയർത്തിയ ശേഷം പോർച്ചുഗൽ നേടുന്ന അന്താരാഷ്ട്ര കിരീടം കൂടിയാണിത്. ഇന്ന് സ്വന്തം നാട്ടിൽ നടന്ന കളിയിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിച്ചാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്.
വാൻ ഡൈകും ഡി ലിറ്റും അണിനിരന്ന ഡിഫൻസിനെ തുടക്കം മുതൽ ഒടുക്കം വരെ വിറപ്പിക്കാൻ പോർച്ചുഗലിനായി. സ്വന്തം കാണികളുടെ പിൻബലവും പോർച്ചുഗലിന് കരുത്തായി. ബ്രൂണോ, ബെർണാഡോ, ക്രിസ്റ്റ്യാനോ എന്നിവരുടെ തുടർച്ചയായ മുന്നേറ്റങ്ങൾ തടയാൻ വാൻ ഡൈകും ഡിലിറ്റുമൊക്കെ ഇന്ന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.
കളിയുടെ 60ആം മിനുട്ടിൽ ഗുയ്ഡസാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് ഒരു ഗംഭീറ്റ സ്ട്രൈക്കിലൂടെ ആയിരുന്നു ഗുയ്ഡസിന്റെ ഗോൾ. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. മത്സരത്തിൽ ബെർണാർഡോ സിൽവ ആണ് പോർച്ചുഗൽ അറ്റാക്കിംഗ് നിരയിൽ ഏറ്റവും മികച്ചു നിന്നത്.
എന്നാൽ പോർച്ചുഗൽ ഡിഫൻസിൽ റൂബൻ ഡയസ് നടത്തിയ പ്രകടനത്തിനാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഇന്ന് ലഭിച്ചത്. സെമിയിൽ സ്വിറ്റ്സർലാന്റിനെ തറ പറ്റിച്ചായിരുന്നു പോർച്ചുഗൽ ഫൈനലിലേക്ക് എത്തിയത്.