ടീം നന്നാവണം, പൊപ്ലാനിക്കിനെ വിൽക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ നന്നാക്കാനുള്ള എൽകോ ഷറ്റോരിയുടെയും പുതിയ സി ഇ ഒയുടെയും നടപടികൾ പുരോഗമിക്കുന്നു. സ്പാനിഷ് മിഡ്ഫീൽഡർ മരിയോ ആർകസിനെ ടീമിൽ എത്തിച്ചത് ഔദ്യോഗികമായൊ പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒഗ്ബെചെ, സിഡോഞ്ച എന്നിവരുടെയും ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ഇവരൊക്കെ വരുന്നതിനൊപ്പം ടീമിൽ ശരാശരി പ്രകടനങ്ങൾ നടത്തിയവരെ പുറത്താക്കാനും കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്.

കഴിഞ്ഞ സീസണിൽ വൻ പ്രതീക്ഷയോടെ ടീമിൽ എത്തിയ സ്ലൊവേനിയൻ താരം പൊപ്ലാനികിനെ റിലീസ് ചെയ്യാൻ ആണ് ക്ലബിന്റെ തീരുമാനം. കഴിഞ്ഞ സീസണിൽ വെറും നാലു ഗോളുകൾ മാത്രമേ പൊപ്ലാനികിന് സ്കോർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. സ്ലൊവേനിയൻ ലീഗിൽ ഗോളടിച്ച് കൂടിയ പൊപ്ലാനികിന് ഇവിടെ ഒന്നും സാധിക്കാൻ കഴിഞ്ഞിരുന്നില്ല. 26കാരനായ പൊപ്ലാനിക്‌ സ്ലൊവേനിയ ക്ലബായ ട്രിഗ്ലാവിനു വേണ്ടി രണ്ട് സീസണുകളിലായി 40ൽ അധികം ഗോളുകൾ നേടിയിരുന്നു. താരത്തിന് ഇന്ത്യയിൽ തന്നെ തുടരണം എന്ന് ആഗ്രഹമുള്ളത് കൊണ്ട് ഇന്ത്യൻ ക്ലബുകളുടെ ഓഫറുകൾക്കായി കാത്തിരിക്കുകയാണ്.

പൊപ്ലാനികിനെ ഉപേക്ഷിക്കും എങ്കിലും സ്റ്റൊഹാനോവിചിനെ ടീമിൽ നിലനിർത്തിയേക്കും. താരത്തിന്റെ ആത്മാർത്ഥത ക്ലബുമായി ബന്ധപ്പെട്ടവർക്ക് ഇടയിൽ താരത്തിന് വലിയ സ്നേഹം സമ്പാദിച്ചു കൊടുത്തിട്ടുണ്ട്. കേരള പ്രീമിയർ ലീഗിൽ അടക്കം ടീമിനായി കളിക്കാൻ സ്റ്റൊഹാനോവിച് തയ്യാറായിരുന്നു.