ചെന്നൈയിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിലേക്ക് അടുത്തു. ഐ എസ് എല്ലിൽ ഇന്ന് നടന്ന നിർണായക ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. ചെന്നൈയിനെ എതിരില്ലാത്ത
3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമായതിനാൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് ചെയ്താണ് കളിച്ചത്. എങ്കിലും ആദ്യ പകുതി നിരാശയുടേതായി.
പെരേര ഡിയസ് ഒരു ഗോൾഡൻ അവസരം ആദ്യ പകുതിയിൽ നഷ്ടമാക്കുന്നത് കാണാൻ ഇടയായി. 38ആം മിനുട്ടിൽ വാസ്കസിന്റെ ഒരു പാസിൽ നിന്നായിരുന്നു ഡിയസിന്റെ മിസ്. മറുവശത്ത് ജോബി ജസ്റ്റിനും ഒരു നല്ല അവസരം നഷ്ടമാക്കി. ചെന്നൈയിൻ ഒരു ഫ്രീകിക്കിൽ നിന്ന് 12ആം മിനുട്ടിൽ ഗോൾ ബാറിലും ഇടിച്ചു.
ആദ്യ പകുതിയിലെ മിസ്സിന് രണ്ടാം പകുതിയിൽ ഡിയസ് പ്രായശ്ചിത്തം ചെയ്തു. 52ആം മിനുട്ടിൽ ലൂണയുടെ പാസിൽ നിന്ന് ഡിയസിന്റെ ആദ്യ ഗോൾ വന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്മർദ്ദം കുറക്കുന്ന ഗോളായിരുന്നു ഇത്. പിന്നാലെ 55ആം മിനുട്ടിൽ വീണ്ടും ഡിയസ് വല കണ്ടെത്തി. സഞ്ജീവ് സ്റ്റാലിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഡിയസ് പന്ത് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.
ഇതിനു ശേഷവും നല്ല അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. അവസനാം 90ആം മിനുട്ടിൽ ലൂണയുടെ ഒരു ഫ്രീകിക്കും വലയിൽ എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറച്ചു. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 18 മത്സരങ്ങളിൽ 30 പോയിന്റുമായി ലീഗിൽ നാലാമത് എത്തി. 28 പോയിന്റുള്ള മുംബൈ സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്. എങ്കിലും അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ ഏതാണ്ട് ഉറപ്പാകും. ഇനി മുംബൈ സിറ്റിയെയും ഗോവയെയും ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.