ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ഫ്ലുമിനെൻസിനോട് 2-0 ന് തോറ്റതിന് പിന്നാലെ, ടീമംഗങ്ങൾക്ക് പോരാട്ടവീര്യവും പ്രതിബദ്ധതയും ഇല്ലെന്ന് ആരോപിച്ച് ഇന്റർ മിലാൻ നായകൻ ലൗടാരോ മാർട്ടിനെസ് രൂക്ഷ വിമർശനമുയർത്തി.

ഷാർലറ്റിൽ നടന്ന ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം സംസാരിക്കുക ആയിരുന്നു അർജന്റീനിയൻ സ്ട്രൈക്കർ. “പ്രധാന കിരീടങ്ങൾക്കായി പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ററിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തുടരാം, നമുക്ക് പോരാടാം. പക്ഷേ, ഇവിടെ തുടരാൻ ആഗ്രഹിക്കാത്തവർക്ക് പുറത്തുപോകാം.” മാർട്ടിനെസ് പറഞ്ഞു.
“നമ്മൾ പ്രധാനപ്പെട്ട ഒരു ജേഴ്സിയാണ് ധരിക്കുന്നത്. ഇവിടെ തുടരാൻ ആഗ്രഹിക്കുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത്. അല്ലെങ്കിൽ ദയവായി, പുറത്തുപോകുക.” അദ്ദേഹം പറഞ്ഞു.
“ഒരുപാട് നീണ്ടതും ക്ഷീണിപ്പിക്കുന്നതുമായ സീസണായിരുന്നു ഇത്, ഞങ്ങൾ ഒന്നും നേടാതെ അവസാനിപ്പിച്ചു. ഞാൻ ക്യാപ്റ്റനാണ്, കാര്യങ്ങൾ മികച്ച നിലയിൽ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.