പെറുവിന്റെ വെറ്ററൻ സ്ട്രൈക്കർ ക്ലോഡിയോ പിസാരോ വീണ്ടും ബുണ്ടസ് ലീഗയിൽ സ്കോർ ചെയ്തു. ജർമ്മൻ ക്ലബായ വെർഡർ ബ്രെമനായി ഇന്നലെ 96ആം മിനുട്ടിൽ നേടിയ ഗോൾ വെർഡർ ബ്രെമനെ പരാജയത്തിൽ നിന്ന് രക്ഷിച്ചു. ഹെർതയ്ക്ക് എതിരെ ആയിരുന്നു കളിയുടെ അവസാന നിമിഷം ഗോൾ നേടി പിസാരോ സമനില വാങ്ങി തന്നത്.
40കാരനായ പിസാരോ ഈ ഗോളോടെ രണ്ട് റെക്കോർഡുകൾ ജർമ്മനിയിൽ ഇട്ടു. ഏറ്റവും പ്രായം കൂടുയ ബുണ്ടസ് ലീഗ ഗോൾ സ്കോറർ എന്ന റെക്കോർഡും ഒപ്പം 21 ബുണ്ടസ് ലീഗ സീസണുകളിൽ ഗോൾ നേടിയ റെക്കോർഡുമാണ് പിസാരോ ഇന്ന് സ്വന്തമാക്കിയത്. വേറെ ഒരു താരവും 21 സീസണുകളിൽ ജർമ്മനിയിൽ ഗോൾ നേടിയുട്ടില്ല.
ഈ സീസൺ തുടക്കത്തിലാണ് വെർഡർ ബ്രെമനിലേക്ക് പിസാരോ മടങ്ങി എത്തിയത്. വിവിധ കാലങ്ങളിലായി 200ൽ അധികം മത്സരങ്ങൾ വെർഡർ ബ്രെമനായി പിസാരോ കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും ചെൽസിയിലും ഒക്കെ മുമ്പ് കളിച്ച താരം കൂടിയാണ് പിസാരോ. ജർമ്മൻ ഡിവിഷനിൽ ഇതുവരെ 193 ഗോളുകൾ താരം നേടിയിട്ടുണ്ട്. ജർമ്മൻ ലീഗിൽ കൂടുതൽ ഗോൾനേടിയ വിദേശ താരത്തിന്റെ റെക്കോർഡും പിസാരോയ്ക്കാണ്.