പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണിന് 185/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.
കെയിന്‍ റിച്ചാര്ഡ്സണ് നാല് വിക്കറ്റ് നേടി റെനഗേഡ്സ് നിരയില്‍ തിളങ്ങിയെങ്കിലും കാമറൂണ്‍ ബാന്‍ക്രോഫ്ട്(51), ആഷ്ടണ്‍ ടര്‍ണര്‍(36), ലിയാം ലിവിംഗ്സ്റ്റണ്(29) എന്നിവര്‍ക്കൊപ്പം 22 പന്തില്‍ നിന്ന് 56 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മിച്ചല്‍ മാര്‍ഷ് കൂടി എത്തിയതോടെ പെര്‍ത്ത് 196 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. മാര്‍ഷ് പുറത്താകാതെയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
പെര്‍ത്തിന്റെ അതേ ശൈലിയില്‍ ഷോണ്‍ മാര്‍ഷും(55) ബ്യൂ വെബ്സ്റ്ററും(67*) തിരിച്ചടിച്ചുവെങ്കിലും ലക്ഷ്യത്തിന് 11 റണ്‍സ് അകലെ ടീം വീണു. 37 പന്തില്‍ നിന്നാണ് വെബ്സ്റ്റര്‍ തന്റെ 67 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിന് തിരിച്ചടിയായി.
പെര്‍ത്തിനായി ക്രിസ് ജോര്‍ദ്ദാനും ഫവദ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി. ഇരു താരങ്ങളും വിക്കറ്റ് നേടുക മാത്രമല്ല കൃത്യതയോടെ പന്തെറിഞ്ഞ് റണ്‍ വിട്ട് നല്‍കുന്നതിലും പിശുക്ക് കാട്ടുകയായിരുന്നു.