ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ഉറുഗ്വേയിൽ നിന്ന് ഒരു യുവതാരത്തെ കൂടെ സൈൻ ചെയ്തു. യുറുഗ്വേ ചാമ്പ്യന്മാരായ പെനറോളിന്റെ 18കാരാനയ വിങ്ങർ ഫകുണ്ടോ പെലിസ്ട്രിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്. അഞ്ചു വർഷത്തെ കരാറിലാണ് പെല്ലിസ്ട്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. 18കാരൻ ആണെങ്കിലും താരം നേരെ സീനിയർ ടീമിന്റെ ഭാഗമാകും.
അവസാന കുറച്ചു കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൗട്ട് ചെയ്യുന്ന താരമാണ് പെല്ലിസ്ട്രി. മുൻ പെനറോൾ പരിശീലകൻ ഡിയെഗോ ഫോർലാനും ഈ യുവതാരത്തെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനകം തന്നെ പെനറോളിന്റെ സീനിയർ ടീമിന് വേണ്ടി 18 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. അറ്റാക്കിംഗ് താരമായ പെല്ലിസ്ട്രി രണ്ട് വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ്. യൂറോപ്യൻ ഫുട്ബോൾ സാഹചര്യങ്ങളുമായി താരം എങ്ങനെ ഇണങ്ങും എന്നതാകും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശങ്ക.