പ്രീക്വാർട്ടറിൽ കൊളംബിയക്കെതിരെ വിജയിച്ചാൽ സൗത്ഗേറ്റിന്റെ ഇംഗ്ലണ്ടിനത് 12 വർഷത്തിനിടെയുള്ള ആദ്യ നോക്കൗട്ട് വിജയമായിരിക്കും. പക്ഷെ നോക്കൗട്ടിൽ എത്തുമ്പോൾ ഇംഗ്ലണ്ടിനെ പേടിപ്പിക്കുന്നത് എപ്പോഴും പെനാൾട്ടി ഷൂട്ടൗട്ടുകളാണ്. ലോക ഫുട്ബോളിൽ തന്നെ ഏറ്റവും മോശം പെനാൾട്ടി ഷൂട്ടൗട്ട് റെക്കോർഡാണ് ഇംഗ്ലീഷ് നിരയ്ക്ക് ഉള്ളത്.
1976ൽ പെനാൾട്ടി ഷൂട്ടൗട്ട് യൂറോ കപ്പിൽ ആദ്യമായി കൊണ്ടുവന്നത് മുതൽ ഇങ്ങോട്ട് 8 പെനാൾട്ടി ഷൂട്ടൗട്ടുകളിൽ ഇംഗ്ലണ്ട് യൂറോ കപ്പിൽ ലോകകപ്പിലുമായി എത്തി. അതിൽ ഏഴിലും ഇംഗ്ലണ്ട് പരാജയപ്പെടുകയായിരുന്നു.ലോകകപ്പിൽ ഇതുവരെ ഒരു പെനാൾട്ടി ഷൂട്ടൗട്ട് ഇംഗ്ലീഷ് നിര ജയിച്ചില്ല. മൂന്ന് തവണയാണ് ഇംഗ്ലണ്ട് പെനാൾട്ടിയിൽ തോറ്റ് പുറത്തായത്. 1990, 1998, 2006 ലോകകപ്പുകളിൽ ആയിരുന്നു ഇംഗ്ലണ്ടിന്റെ പെനാൾട്ടി ദുരന്തങ്ങൾ.
യൂറോ കപ്പിൽ 5 തവണ ഷൂട്ടൗട്ടിൽ ഇറങ്ങിയപ്പോൾ 4 തവണയും തോറ്റു. ആകെ ഒരു തവണ വിജയിച്ചത് 96ലെ യൂറോയിൽ സ്പെയിനിനെതിരെ ക്വാർട്ടറിൽ ആയിരുന്നു. ആ ടൂർണമെന്റിൽ സെമിയിൽ ജർമനിയോട് പെനാൾട്ടിയിൽ തന്നെ ഇംഗ്ലണ്ട് തോൽക്കുകയും ചെയ്തു. അന്ന് ആ ദുരന്തത്തിനൊപ്പം ഇന്നത്തെ ഇംഗ്ലണ്ട് മാനേജർ സൗത്ഗേറ്റും ഉണ്ടായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial