ഇന്ന് കായിക ലോകത്ത് എങ്ങും നാടകീയത ആയിരുന്നു. ടെന്നീസിലും ക്രിക്കറ്റിലും കണ്ട നാടകീയത് ഇന്ന് ഫുട്ബോളിലും കണ്ടു. ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ സെമി ഫൈനലിൽ ആണ് നാടകീയ മത്സരം നടന്നത്. ടുണീഷ്യയും സെനഗലും ഏറ്റുമുട്ടിയ മത്സരം സെനഗൽ ഏക ഗോളിന് വിജയിച്ച് ഫൈനലിലേക്ക് കടന്നു. അതും ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു. പക്ഷെ അതിനു മുമ്പ് രണ്ട് പെനാൾട്ടികൾ ഇരുടീമുകളും കൂടി നഷ്ടപ്പെടുത്തി.
ആവേശകരമായ മത്സരത്തിൽ ആദ്യം മുന്ന എത്താനുള്ള അവസരം ലഭിച്ചത് ടുണീഷ്യക്ക് ആയിരുന്നു. 75ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി എടുത്ത ടുണീഷ്യൻ താരം പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അതു കഴിഞ്ഞ് അഞ്ച് മിനുട്ടിനകം സെനഗലിനും പെനാൾട്ടി ലഭിച്ചു. ആഫ്രിക്കൻ നാഷൺസ് കപ്പിൽ രണ്ട് പെനാൾട്ടി നഷ്ടമാക്കിയതിനാൽ സെനഗലിന് കിട്ടിയ പെനാൾട്ടി ലിവർപൂൾ താരം മാനെ എടുത്തില്ല. പക്ഷെ പകരം എടുക്കാൻ വന്ന സൈവറ്റിനും പിഴച്ചു. കളി ഗോൾ രഹിതമായി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ 100ആം മിനുട്ടിൽ പിറന്ന സെൽഫ് ഗോളാണ് സെനഗലിനെ ജയിപ്പിച്ചത്. സെനഗലിന്റെ രണ്ടാം ആഫ്രിക്കൻ നാഷൺസ് കപ്പ് ഫൈനലാണിത്. ഇതിനു മുമ്പ് 2002ലാണ് സെനഗൽ ഫൈനലിൽ എത്തിയത്. നൈജീരിയയും അൾജീരിയയുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്നത്.