പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, യുഎഇയുമായി ചര്‍ച്ചകള്‍ ആരംഭിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

Sports Correspondent

ജൂണ്‍ 1 മുതല്‍ ജൂണ്‍ 20 വരെ കറാച്ചിയില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കറാച്ചിയിലെ കോവിഡ് സാഹചര്യം മോശമായി തുടരുന്നതിനാല്‍ ഫ്രാഞ്ചൈസികള്‍ ബോര്‍ഡിനോട് വേദി യുഎഇയിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാക്കിസ്ഥാന്‍ ടീം ജൂണ്‍ 23ന് ഇംഗ്ലണ്ടിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി യാത്രയാകേണ്ടതിനാല്‍ തന്നെ ഫിക്സ്ച്ചറുകള്‍ ചുരുങ്ങിയ കാലത്തില്‍ നടത്തുവാന്‍ ബോര്‍ഡ് നിര്‍ബന്ധിതരാകും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫിക്സ്ച്ചറുകള്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വേഗത്തിലൊരു തീരുമാനം ബോര്‍ഡിന് എടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ വ്യക്തമാക്കി.