31 പന്തിൽ 56 റൺസ് നേടി പുറത്താകാതെ നിന്ന റിയാന്‍ പരാഗ് രാജസ്ഥാന് ബൗളര്‍മാര്‍ക്ക് പന്തെറിയുവാന്‍ ആവശ്യമായ സ്കോറിലേക്ക് ടീമിനെ എത്തിച്ചപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ ആ ഇന്നിംഗ്സ്. ഇന്നലെ നാല് ക്യാച്ചുകള്‍ കൂടി പൂര്‍ത്തിയാക്കി താരം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയപ്പോള്‍ ഐപിഎലില്‍ താരത്തിന്റെ ആദ്യത്തെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ആയിരുന്നു ഇത്.
തനിക്ക് വളരെ സംതൃപ്തി തോന്നുന്നുണ്ടെന്നും രാജസ്ഥാന് മൂന്ന് വര്‍ഷമായി തന്നിൽ അര്‍പ്പിച്ച വിശ്വാസം കുറച്ച് കുറച്ചായി താന്‍ തിരിച്ച് നൽകുകയാണെന്നും താരം കൂടിചേര്‍ത്തു. ടൈം ഔട്ട് സമയത്ത് സംഗക്കാര ക്രീസിലെത്തി തന്നോട് പറഞ്ഞിരുന്നു 140 ഈ വിക്കറ്റിൽ മികച്ച സ്കോറായിരിക്കും എന്ന്.
ഹസരംഗയെ ആണ് ടാര്‍ഗറ്റ് ചെയ്യുവാന്‍ ഉദ്ദേശിച്ചതെങ്കിലും താരത്തിന്റെ ഓവറിൽ വിക്കറ്റ് പോയതോടെ അവസാന രണ്ടോവര്‍ എറിഞ്ഞ ഹാസൽവുഡിനെയും ഹര്‍ഷൽ പട്ടേലിനെയും ലക്ഷ്യം വയ്ക്കുകയായിരുന്നുവെന്നും റിയാന്‍ പരാഗ് കൂട്ടിചേര്‍ത്തു. താന്‍ സമ്മര്‍ദ്ദം ഇഷ്ടപ്പെടുന്നുവെന്നും തന്റെ കഴിവുകള്‍ പുറത്തെടുക്കുവാനുള്ള അവസരമായാണ് താനതിനെ കാണുന്നതെന്നും താരം വ്യക്തമാക്കി.