പാരീസ് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ ഗുസ്തി താരം രീതിക ഹൂഡയെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി (NADA) 2025 ജൂലൈ 7-നാണ് സസ്പെൻഷൻ സ്ഥിരീകരിച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവും ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷയുമായിരുന്ന രീതികയോട്, ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ ഗുസ്തി ക്യാമ്പ് ഉടൻ വിട്ടുപോകാൻ ആവശ്യപ്പെട്ടു.
രീതിക ഉൾപ്പെടെ മൂന്ന് ഗുസ്തി താരങ്ങളാണ് ഉത്തേജക പരിശോധനയിൽ പരീഷയപ്പെട്ടത്. “മൂന്നുപേരും റോഹ്തക്കിലെ ഒരേ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളവരാണ്,” എന്ന് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇവരിൽ ഒരു ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവും ഉൾപ്പെടുന്നുണ്ട്. ക്യാമ്പിൽ നടന്ന സെലക്ഷൻ ട്രയൽസിനിടെയാണ് പരിശോധനകൾ നടന്നതെന്നാണ് റിപ്പോർട്ട്.
76 കിലോഗ്രാം വിഭാഗം ഗുസ്തി താരം അടുത്തിടെ മികച്ച ഫോമിലായിരുന്നു. പാരീസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ എത്തുകയും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുകയും, മെയ് മാസത്തിൽ ഉലാൻബാറ്റർ റാങ്കിംഗ് സീരീസിൽ സ്വർണം നേടുകയും ചെയ്തിരുന്നു. ഈ സെപ്റ്റംബറിൽ സാഗ്രെബിൽ നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഒരു പോഡിയം ഫിനിഷിനുള്ള ഇഷ്ടതാരങ്ങളിൽ ഒരാളുമായിരുന്നു രീതിക.